
‘അമ്മ സംഘടനയ്ക്ക് പുനർജന്മം നൽകിയ വ്യക്തിയാണ് ബാബുരാജെന്ന് തുറന്നു പറഞ്ഞ് നടി ഉഷാ ഹസീന. ബാബുരാജിനെതിരെയുള്ളവർ വോട്ട് ചെയ്യാതിരുന്നാൽ പോരെ എന്നാണ് ഉഷയുടെ ചോദ്യം. കൂടാതെ ശ്വേതാ മേനോനെയും കുക്കു പരമേശ്വരനെയും ഉഷാ ഹസീന വിമർശിക്കുകയും ചെയ്തു. റിപ്പോർട്ടർ ടീവിയോട് പ്രതികരിക്കുകയായിരുന്നു താരം.
അമ്മയെ നയിക്കാൻ ശ്വേതാ മേനോനും കുക്കു പരമേശ്വരനുംയോഗ്യതയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കില്ല എന്ന് ശ്വേത പറഞ്ഞത് ആരും മറന്നിട്ടില്ല. പിന്നെ കുക്കു പരമേശ്വരൻ ഇതുവരെ സ്ത്രീകൾക്ക് വേണ്ടി ഒന്ന് സംസാരിക്കുകപോലും ചെയ്തിട്ടില്ല. എന്റെ അഭിപ്രായത്തിൽ ജഗദീഷ് നേതൃത്വ സ്ഥാനത്ത് നിന്നും പിൻമാറരുത്. അദ്ദേഹം സാൻഘടനയുടെ അധ്യക്ഷനാകണം. വെറുതെ വിവാദങ്ങൾ സൃഷ്ടിക്കുന്നവർ സംഘടനയ്ക്ക് നാണക്കേടാണ്. AMMA യിലെ സ്ത്രീകൾക്കിടയിൽ തന്നെ ഭിന്നതയുണ്ട്. ഉഷ ഹസീന പറഞ്ഞു.
നേരത്തെ അമ്മയുടെ തലപ്പത്തേക്ക് വരാൻ ശ്വേത മേനോന് യോഗ്യതയില്ലെന്നും, ശ്വേത നുണകൾ പറഞ്ഞ് വിവാദങ്ങൾ സൃഷ്ടിക്കുന്ന വ്യക്തിയാണെന്നും പരാമർശിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്ത് വന്നിരുന്നു. ബാബുരാജിനെതിരെ വിമർശനമുന്നയിച്ച താരങ്ങളെയൊക്കെ പരിഹസിക്കുകയും ചെയ്തിരുന്നു.
അതേ സമയം അമ്മയുടെ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്ന് ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ് നടൻ ബാബുരാജ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ മത്സര ചിത്രം നാളെ അറിയാം. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുന്‍തൂക്കം. ദേവന്, അനൂപ് ചന്ദ്രന് എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ട് പേര്. പത്രിക നല്‍കിയെങ്കിലും ജഗദീഷും, ജയന് ചേര്‍ത്തലയും, രവീന്ദ്രനും പിന്മാറിയതായാണ് വിവരം.
ബാബുരാജിനെതിരെ നടി മല്ലിക സുകുമാരൻ, മാലാ പാർവതി, അനൂപ് ചന്ദ്രൻ, സരിത, വിജയ് ബാബു തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. താൻ ആരോപണ വിധേയനായപ്പോൾ മാറി നിന്നെന്നും, അതുപോലെ ബാബുരാജ് നിരപരാധിത്വം തെളിയിച്ച് വരട്ടെയെന്നുമാണ്”വിജയ് ബാബുവിന്റെ പ്രതികരണം. അമ്മ’യുടെ നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്നും, ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നത് ആരുടെ തീരുമാനമാണെന്നുമായിരുന്നു മല്ലിക സുകുമാരന്റെ ചോദ്യം.
ആരോപണ വിധേയരായ ആളുകൾ എല്ലാം അവരുടെ സാംസ്കാരിക ബോധം കൊണ്ടും, മൂല്യം കൊണ്ടും ഇലക്ഷനിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചപ്പോൾ നടൻ ബാബുരാജ് ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ്. ബലാത്സംഗ കേസിൽ മുൻ കൂർ ജാമ്യത്തിൽ നിൽക്കുന്ന വ്യക്തിയാണോ ഇത്രയും ശ്രേഷ്ഠമായ ഒരു സംഘടനയെ നയിക്കേണ്ടത്?. നാളെ പൊതു സമൂഹം ‘അമ്മയുടെ നിലവാരം ഇത്രയ്ക്ക് താഴ്ന്നു പോയോ എന്ന് ചോദിച്ചാൽ നമുക്കുത്തരമില്ല. എനിക്കുറപ്പുണ്ട് ബാബുരാജ് സ്വമേധയാ മാറി നിലയ്ക്കാത്തത് അമ്മയുടെ തലപ്പത്തേക്ക് വരുന്നതിലൂടെ അദ്ദേഹത്തിന് ചില സ്വാർത്ഥ താൽപ്പര്യങ്ങൾ ഉണ്ട് . അദ്ദേഹത്തിന്റെ ഇതുവരെ ഉള്ള ചെയ്തികൾ വെളുപ്പിക്കണം അതിനൊരു കസേര വേണം, അത് അമ്മയുടെ കസേര തന്നെയാണ്. അനൂപ് ചന്ദ്രൻ പറഞ്ഞു.
അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയനായ നടൻ ബാബുരാജ് മാറി നിൽക്കാത്തത് കൊണ്ടാണ് നടൻ മോഹൻലാൽ സംഘടനയിൽ നിന്ന് രാജി വയ്ക്കാൻ തീരുമാനിച്ചതെന്നായിരുന്നു മാലാ പാർവതിയുടെ അഭിപ്രായം. ബാബുരാജ് ചതിയനാണെന്നും അമ്മയുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ആളല്ലെന്നുമായിരുന്നു സരിതയുടെ വാദം.
ഇത്തരമൊരു സംഘർഷാവസ്ഥ നില നിൽക്കെ നടനെതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനം യുകെ മലയാളികളില്‍ നിന്ന് പണം കൈപറ്റി കബളിപ്പിച്ചെന്ന പരാതിയിൽ അടിമാലി പൊലീസാണ് നോട്ടീസ് അയച്ചത്. എന്നാൽ നടൻ നോട്ടീസ് കൈപറ്റിയിട്ടില്ല. തുടർന്ന് അടിമാലി പോലീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടപ്പോൾ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചത്.
അമ്മയുടെ തലപ്പത്തേക്ക് വനിതകളെ പരിഗണിച്ചാൽ പത്രിക പിൻവലിക്കാമെന്നായിരുന്നു ജഗദീഷിന്റെ അഭിപ്രായം. ഇപ്പോൾ അമ്മയുടെ പ്രധാന സ്ഥാനങ്ങളിലെല്ലാം വനിതകൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അമ്മയുടെ അധ്യക്ഷപദവിയിലേക്ക് നടി ശ്വേതാമേനോന്റെ സാധ്യതയേറിയിരുന്നു. ആദ്യമായാണ് അമ്മമ്മയുടെ അധ്യക്ഷതപദവിയിലേക്ക് ഒരു വനിതാ മത്സരിക്കാനൊരുങ്ങുന്നത്.
നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർമാതാവും നടിയുമായ സാന്ദ്രാ തോമസാണ് മത്സരിക്കുന്നത്. പത്രിക പിൻവലിക്കില്ലെന്നും ശക്തമായി മത്സരരംഗത്തുണ്ടാകുമെന്നുമാണ് സാന്ദ്രാ അറിയിച്ചിട്ടുള്ളത്. തന്റെ പത്രിക തള്ളാനും പിൻവലിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിനെയെല്ലാം അതിജീവിക്കാനാണ് ശ്രമിക്കുന്നതെന്നും സാന്ദ്രാ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ ജോ; സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയ അൻസിബ ഹസനും സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്നും മത്സരിക്കാൻ തയ്യാറെടുക്കുകയാണെന്നുമാണ് അറിയിച്ചിട്ടുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയിരിക്കുന്നത് കുക്കു പരമേശ്വരനാണ്. നവ്യാ നായരും അൻസിബ ഹസനും കുക്കു പരമേശ്വരനും ഉൾപ്പെടെ അഞ്ചുവീതം വനിതകളാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഷീലാ കുര്യൻ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പത്രിക നൽകിയിട്ടുണ്ട്.