
‘അമ്മ തിരഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കുന്നതിനെതിരെ വിമർശനവുമായി നടനും നിർമ്മാതാവുമായ വിജയ് ബാബു. “താൻ ആരോപണ വിധേയനായപ്പോൾ മാറി നിന്നെന്നും, അതുപോലെ ബാബുരാജ് നിരപരാധിത്വം തെളിയിച്ച് വരട്ടെയെന്നുമാണ്”വിജയ് ബാബുവിന്റെ പ്രതികരണം. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിജയ് ബാബു ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
‘ബാബുരാജിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അത്കൊണ്ട് ബാബുരാജ് ഈ തവണ അമ്മ തിരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കണം. ഞാൻ ആരോപണ വിധേയനായപ്പോൾ മാറി നിന്നപോലെ അയാളും നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെ. സംഘടന ഏതൊരാളെക്കാളും വലുതാണ്, അതിൽ ഞാൻ തർക്കിക്കുന്നില്ല. സംഘടനയെ നയിക്കാൻ കഴിവുള്ള മറ്റു പലരും ഉള്ളപ്പോൾ എന്തിനാണ് തിടുക്കപ്പെട്ട് നിൽക്കുന്നത്. ഈ തവണ ഒരു മാറ്റത്തിനായി സ്ത്രീകൾക്ക് നേതൃത്വം ഏറ്റെടുക്കാൻ അവസരം നൽകണം. ബാബുരാജ് ദയവായി ഇത് വ്യക്തിപരമായി എടുക്കരുത്’. വിജയ് ബാബു പങ്കുവെച്ചു.
പീഡനകേസിൽ ആരോപണ വിധേയനായ ബാബുരാജ് മത്സരിക്കുന്നതിനെതിരെ നടി മല്ലിക സുകുമാരൻ, മാലാ പാർവതി, അനൂപ് ചന്ദ്രൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു. അമ്മ’യുടെ നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്നും, ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നത് ആരുടെ തീരുമാനമാണെന്നുമായിരുന്നു മല്ലിക സുകുമാരന്റെ ചോദ്യം.ആരോപണ വിധേയരായ ആളുകൾ എല്ലാം അവരുടെ സാംസ്‌കാരിക ബോധം കൊണ്ടും, മൂല്യം കൊണ്ടും ഇലക്ഷനിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചപ്പോൾ നടൻ ബാബുരാജ് ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ്. ബലാത്സംഗ കേസിൽ മുൻ കൂർ ജാമ്യത്തിൽ നിൽക്കുന്ന വ്യക്തിയാണോ ഇത്രയും ശ്രേഷ്ഠമായ ഒരു സംഘടനയെ നയിക്കേണ്ടത്?. നാളെ പൊതു സമൂഹം ‘അമ്മയുടെ നിലവാരം ഇത്രയ്ക്ക് താഴ്ന്നു പോയോ എന്ന് ചോദിച്ചാൽ നമുക്കുത്തരമില്ല. എനിക്കുറപ്പുണ്ട് ബാബുരാജ് സ്വമേധയാ മാറി നിലയ്ക്കാത്തത് അമ്മയുടെ തലപ്പത്തേക്ക് വരുന്നതിലൂടെ അദ്ദേഹത്തിന് ചില സ്വാർത്ഥ താൽപ്പര്യങ്ങൾ ഉണ്ട് . അദ്ദേഹത്തിന്റെ ഇതുവരെ ഉള്ള ചെയ്തികൾ വെളുപ്പിക്കണം അതിനൊരു കസേര വേണം, അത് അമ്മയുടെ കസേര തന്നെയാണ്. അനൂപ് ചന്ദ്രൻ പറഞ്ഞു. അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയനായ നടൻ ബാബുരാജ് മാറി നിൽക്കാത്തത് കൊണ്ടാണ് നടൻ മോഹൻലാൽ സംഘടനയിൽ നിന്ന് രാജി വയ്ക്കാൻ തീരുമാനിച്ചതെന്നായിരുന്നു മാലാ പാർവതിയുടെ അഭിപ്രായം.
ഇത്തരമൊരു സംഘർഷാവസ്ഥ നില നിൽക്കെ നടനെതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനം യുകെ മലയാളികളില്‍ നിന്ന് പണം കൈപറ്റി കബളിപ്പിച്ചെന്ന പരാതിയിൽ അടിമാലി പൊലീസാണ് നോട്ടീസ് അയച്ചത്. എന്നാൽ നടൻ നോട്ടീസ് കൈപറ്റിയിട്ടില്ല. തുടർന്ന് അടിമാലി പോലീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടപ്പോൾ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചത്.