
നടന് വിജയ് സേതുപതിക്കെതിരെ ലൈംഗിക അതിക്രമ ആരോപണമുന്നയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച് യുവതി. രമ്യ മോഹന്‍ എന്ന യുവതിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്റെ സുഹൃത്തായ യുവതിയെ വിജയ് സേതുപതി വര്‍ഷങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും, സുഹൃത്തിപ്പോൾ റീഹാബിലാണെന്നും രമ്യ മോഹന്‍ പറഞ്ഞു. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് പിൻ വലിക്കുകയും ചെയ്തിട്ടുണ്ട്. ആരോപണങ്ങളോട് വിജയ് സേതുപതി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
“കോളിവുഡിലെ മയക്കുമരുന്ന്-കാസ്റ്റിങ് കൗച്ച് സംസ്കാരം തമാശയല്ല. നടൻ വിജയ് സേതുപതി കാരവന് ഫേവേഴ്സിനായി രണ്ട് ലക്ഷവും 50,000 രൂപ ഡ്രൈവ്സിനും വാഗ്ദാനം ചെയ്തിട്ട് എനിക്കറിയാവുന്ന ഒരു പെൺകുട്ടിയെ അവള്‍ക്ക് പരിചിതമില്ലാത്തൊരു ലോകത്തേക്ക് വലിച്ചിട്ടു. അവള് ഇപ്പോള്‍ റീഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഇന്‍ഡസ്ട്രിയില്‍ സാധാരണയാണ്. എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പുണ്യാളനായി അഭിനയിക്കുന്നു. ഇയാള്‍ വര്‍ഷങ്ങളോളം അവളെ ഉപയോഗിച്ചു. എന്നിട്ടും മീഡിയ ഇത്തരക്കാരെ പുണ്യാളരായി ആരാധിക്കുകയാണ്. ഡ്രഗ്-സെക്സ് നെക്സസ് യാഥാര്‍ത്ഥ്യമാണ്. തമാശയല്ല”. യുവതി എക്സിൽ പങ്കു വെച്ചു.
വളരെ പെട്ടന്ന് തന്നെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തു. ചിലർ രമ്യയുടെ ആരോപണത്തെ എതിര്‍ത്തും ചിലര്‍ രംഗത്തെത്തി. ഇതോടെ രമ്യയും പ്രതികരിച്ചു. സത്യത്തെ അംഗീകരിക്കുന്നതിന് പകരം സോഴ്സിനെ ചോദ്യം ചെയ്യുകയും ഇരയെ കുറ്റപ്പെടുത്തുകയുമാണെന്നാണ് രമ്യ പറയുന്നത്. പെണ്‍കുട്ടിയുടെ ഫോണിലെ ചാറ്റും ഡയറിയുമൊക്കെ വായിച്ചപ്പോഴാണ് കുടുംബം സത്യം മനസിലാക്കിയതെന്നും ഇതൊരു തമാശയല്ലെന്നും അവളുടെ ജീവിതമാണെന്നും വേദനയാണെന്നും രമ്യ മറ്റൊരു ട്വീറ്റ് പങ്കുവെച്ച് കൊണ്ട് പറയുകയും ചെയ്തു.
എന്നാൽ സംഭവം വിവാദമായതോടെ രമ്യ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. തന്റെ ട്വീറ്റിന് ഇത്രയും ശ്രദ്ധ കിട്ടുമെന്ന് അറിഞ്ഞിരുന്നില്ല. ഒരുപാട് ചോദ്യങ്ങള്‍ വരുന്നുണ്ട്. പെണ്‍കുട്ടിയുടെ നല്ല ജീവിതത്തേയും സ്വകാര്യതയേയും മാനിച്ചുകൊണ്ടാണ് താന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തതെന്നാണ് രമ്യ പറയുന്നത്. സംഭവം തമിഴ് സിനിമാ ലോകത്തെയാകെ പിടിച്ചുലച്ചിരിക്കുകയാണ്.