
വഞ്ചനാ കേസില്‍ നടന് ബാബുരാജിന് നോട്ടീസയച്ച് അടിമാലി പോലീസ്. ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനം യുകെ മലയാളികളില്‍ നിന്ന് പണം കൈപറ്റി കബളിപ്പിച്ചെന്നാണ് പരാതി. എന്നാൽ നടൻ നോട്ടീസ് കൈപറ്റിയിട്ടില്ല. തുടർന്ന് അടിമാലി പോലീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടപ്പോൾ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചത്.
പീഡനക്കേസില്‍ ആരോപണ വിധേയനും കൂടിയായ ബാബുരാജ് അമ്മയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബുരാജ് മറ്റൊരു വഞ്ചനാകേസില്‍ അകപ്പെട്ടിരുന്നു. റവന്യൂ നടപടി നേരിടുന്ന റിസോട്ട് പാട്ടത്തിന് നല്കി 40 ലക്ഷം തട്ടിയെന്നായിരുന്നു കേസ്. ഇതില്‍ അറസ്റ്റ് നേരിടുകയും ചെയ്തു.
താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരുമെന്നും, ബാബുരാജ് മത്സരിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ സ്വാര്‍ത്ഥ താത്പര്യമുണ്ടെന്ന അനൂപ് ചന്ദ്രന്റെ ആരോപണത്തോട് യോജിപ്പുണ്ടെന്നും മല്ലിക കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടി മാലാ പാർവതിയും, അനൂപ് ചന്ദ്രനും ബാബുരാജ് മത്സരിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ആരോപണ വിധേയരായ ആളുകൾ എല്ലാം അവരുടെ സാംസ്കാരിക ബോധം കൊണ്ടും, മൂല്യം കൊണ്ടും ഇലക്ഷനിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചപ്പോൾ നടൻ ബാബുരാജ് ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ്. ബലാത്സംഗ കേസിൽ മുൻ കൂർ ജാമ്യത്തിൽ നിൽക്കുന്ന വ്യക്തിയാണോ ഇത്രയും ശ്രേഷ്ഠമായ ഒരു സംഘടനയെ നയിക്കേണ്ടത്?. നാളെ പൊതു സമൂഹം ‘അമ്മയുടെ നിലവാരം ഇത്രയ്ക്ക് താഴ്ന്നു പോയോ എന്ന് ചോദിച്ചാൽ നമുക്കുത്തരമില്ല. എനിക്കുറപ്പുണ്ട് ബാബുരാജ് സ്വമേധയാ മാറി നിലയ്ക്കാത്തത് അമ്മയുടെ തലപ്പത്തേക്ക് വരുന്നതിലൂടെ അദ്ദേഹത്തിന് ചില സ്വാർത്ഥ താൽപ്പര്യങ്ങൾ ഉണ്ട് . അദ്ദേഹത്തിന്റെ ഇതുവരെ ഉള്ള ചെയ്തികൾ വെളുപ്പിക്കണം അതിനൊരു കസേര വേണം, അത് അമ്മയുടെ കസേര തന്നെയാണ്. അനൂപ് ചന്ദ്രൻ പറഞ്ഞു. അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയനായ നടൻ ബാബുരാജ് മാറി നിൽക്കാത്തത് കൊണ്ടാണ് നടൻ മോഹൻലാൽ സംഘടനയിൽ നിന്ന് രാജി വയ്ക്കാൻ തീരുമാനിച്ചതെന്നായിരുന്നു മാലയുടെ അഭിപ്രായം.