
ബിഗ് ബഡ്ജറ്റ് സിനിമകൾക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ. “ചിത്രത്തിന് 500 കൊടിയെന്നൊക്കെ പറയുന്നത് പ്രേക്ഷകരെ പറ്റിക്കാൻ വേണ്ടിയാണെന്ന് അടൂർ ഗോപാല കൃഷ്ണൻ അഭിപ്രായപ്പെട്ടു. ഏറ്റവും മോശമായ ചിത്രങ്ങൾക്ക് വെളുപ്പാൻ കാലത്തും കാണികളുണ്ടെന്നും, നല്ല സിനിമകളെ ആളുകൾ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘പമ്പ’ (പീപ്പിൾ ഫോർ പെർഫോമിങ് ആർട്സ് ആൻഡ് മോർ) സാഹിത്യോത്സവം -ഫെസ്റ്റിവൽ ഓഫ് ഡയലോഗ്സ് 13-ാമത് എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” 500 കോടിയെന്നൊക്കെ കേൾക്കുമ്പോൾ ആളുകൾ അതൊരു വലിയ സിനിമയായി കരുതും. ഇത്രയും തുക മുടക്കിയെങ്കിൽ അതനുസരിച്ചുള്ള നികുതി കൊടുക്കേണ്ടേ?. നല്ല സിനിമകൾക്ക് പ്രേക്ഷകർ കുറവാണ്. നല്ലതാണെങ്കിൽ കാണാനുള്ളതല്ല എന്നാണ് അവരുടെ വിചാരം. എന്നാൽ ഏറ്റവും മോശപ്പെട്ട സിനിമ ഇറങ്ങുന്ന ദിവസം വെളുപ്പാൻ കാലത്തും ആളുകളുടെ തിരക്കായിരിക്കും. സാമൂഹികമാധ്യമങ്ങളുടെയും റീൽസുകളുടെയും സ്വാധീനം നമ്മൾ പോലും അറിയാതെ നമ്മുടെ സംസ്കാരം ഇടിച്ചുതാഴ്ത്തുകയാണ്. ഏറ്റവും നല്ല സാഹിത്യസൃഷ്ടികൾ ഇന്ത്യയിൽ മലയാളത്തിൽ തന്നെ ഇറങ്ങുന്നുണ്ട്. പക്ഷെ നല്ല വായനക്കാരില്ല. വളർന്നു വരുന്ന തലമുറയെ മലയാളം പഠിപ്പിക്കണം. കഥകളി, കൂടിയാട്ടം പോലെയുള്ള പാരമ്പര്യ കലകൾ കൂടി അവരറിയണം”. അടൂർ ഗോപാല കൃഷ്ണൻ പറഞ്ഞു.
സൗത്ത് ഇന്ത്യൻ റൈറ്റേഴ്സ് എൻസംബിൾ(സിവേ) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ കേരള ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെയാണ് ‘പമ്പ’ സാഹിത്യോത്സവം നടക്കുന്നത്. ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിലാണ് മൂന്നുദിവസത്തെ സാഹിത്യോത്സവം.
സമ്മേളനത്തിൽ പി.സി.വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷനായി. നാടകപ്രവർത്തക സവിതാ റാണി. ഫെസ്റ്റിവൽ ക്യുറേറ്റർ കനകഹാമാ വിഷ്ണുനാഥ്, എഴുത്തുകാരി വിദ്യാ സൗന്ദർരാജൻ, ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, കവി കെ. രാജഗോപാൽ, മണക്കാല ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.