പ്രത്യേക അനുമതികളുമായി തെലങ്കാന സർക്കാർ ; ഹരിഹര വീരമല്ലു പ്രീമിയർ ഷോ വിവാദത്തിലേക്ക്

','

' ); } ?>

പവൻകല്യാണിനെ നായകനാക്കി ജ്യോതിഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സിനിമ ഹരിഹര വീരമല്ലു പുറത്തിറങ്ങുന്നതിന് മുന്നോടിയായി പ്രീമിയർ ഷോക്ക് നൽകിയ അനുമതി വിവാദം ഉയർത്തുന്നു. ജൂലൈ 24-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എന്നാൽ, റിലീസിന് ഒരു ദിവസം മുമ്പായി പ്രത്യേക പ്രദർശനം നടത്താനും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്താനും തെലങ്കാന സർക്കാർ അനുമതി നൽകിയിരിക്കുന്നത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ജൂലൈ 23-ന് രാത്രി ഒമ്പതിന് 600 രൂപ ടിക്കറ്റിന് പ്രത്യേക പ്രീമിയർ ഷോ സംഘടിപ്പിക്കാനാണ് അനുമതി. ഇതിന് പുറമെ, ജൂലൈ 24 മുതൽ 27 വരെ മൾട്ടിപ്ലെക്സുകളിൽ 200 രൂപയും സിംഗിൾ സ്ക്രീനുകളിൽ 150 രൂപയും അധികമായി ഈടാക്കാനും, ജൂലൈ 28 മുതൽ ഓഗസ്റ്റ് 2 വരെ യഥാക്രമം 150 രൂപയും 106 രൂപയുമാണ് അധിക നിരക്കായി ഈടാക്കാൻ അനുവാദം.

എന്നാൽ, അടുത്തിടെ പുഷ്പ-2 പ്രദർശനത്തിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് ഇനി സിനിമകൾക്ക് ഇത്തരം പ്രത്യേകാനുകൂല്യങ്ങൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കുറച്ചുമാസങ്ങൾക്കകം ഒരു പവൻ കല്യാൺ ചിത്രത്തിന് പ്രത്യേക ഇളവുകൾ നൽകിയതോടെയാണ് വിവാദം.

2024 ഡിസംബർ 4-നായിരുന്നു പുഷ്പ-2 പ്രീമിയർ ഷോയ്ക്കിടയിലുണ്ടായ അപകടം. ദില്‍സുഖ്‌നഗര്‍ സ്വദേശിനിയായ രേവതി (39) തിക്കിലും തിരക്കിലുംപെട്ട് മരിച്ചു. ഇവരുടെ ഒമ്പത് വയസുകാരനായ മകനും ഭര്‍ത്താവും അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ തീരുമാനത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുകയാണ്.