
രാവണന്റെ ജനനം മുതല്‍ മരണം വരെ കഥ പറയുന്ന പൂര്‍ത്തിയായ തിരക്കഥ കയ്യിലുണ്ടെന്നും ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും തുറന്നു പറഞ്ഞ് നടൻ വിഷ്ണു മഞ്ജു. മനസ്സിലുള്ള കാസ്റ്റിനെക്കുറിച്ചും തരാം വെളിപ്പെടുത്തിയിട്ടുണ്ട്. നമിത് മല്‍ഹോത്ര നിര്‍മിച്ച് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് വിഷ്ണു മഞ്ചുവിന്റെ തുറന്നുപറച്ചില്‍.
“രാമനായി സൂര്യയും, സീതയായി ആലിയ ഭട്ടുമാണ് മനസ്സിലുള്ളത്. അച്ഛൻ മോഹന്‍ ബാബുവിനെയാണ് ആദ്യം രാവണനായി ഉദ്ദേശിച്ചിരുന്നത്.
2009-ലായിരുന്നു ഈ ചിത്രത്തെക്കുറിച്ച് ആദ്യമായി ആലോചിക്കുന്നത്. സൂര്യയുമായി അന്ന് തന്നെ ചർച്ചകൾ നടന്നിരുന്നു. എന്നാല്‍, ബജറ്റിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അത് വേണ്ടെന്ന് വെച്ചതാണ്. രാഘവേന്ദ്ര റാവു ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്യാനിരുന്നത്. ചിത്രത്തിന്റെ പൂര്‍ണ തിരക്കഥ കൈവശമുണ്ട്. എന്നെങ്കിലും ചിത്രം യാഥാര്‍ഥ്യമാവുമോ എന്ന് അറിയില്ല”. വിഷ്ണു പറഞ്ഞു.
‘ഹനുമാന്റെ വേഷം ചെയ്യണമെന്നായിരുന്നു എനിക്ക് ആഗ്രഹം. എന്നാല്‍, സംവിധായകന്‍ രാഘവേന്ദ്രറാവു, ഇന്ദ്രജിത്തിന്റെ വേഷം ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. കാര്‍ത്തിയായിരുന്നു എന്റെ മനസിലെ ഇന്ദ്രജിത്ത്. ജഡായു ആയി സത്യരാജും ജൂനിയര്‍ എന്‍ടിആറിന്റെ സഹോദരന്‍ കല്യാണ്‍ റാം ലക്ഷ്മണനായും എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. വിഷ്ണു മഞ്ചു കൂട്ടിച്ചേർത്തു.
അതേസമയം, നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ രണ്ട് ഭാഗങ്ങളായി ആണ് ഒരുങ്ങുന്നത്. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്.