
നടനായി അരങ്ങേറ്റം കുറിച്ച “കുമ്മാട്ടിക്കളി” എന്ന സിനിമയിലെ പ്രകടനം വിമർശനത്തിനിരയായതിന് പ്രതികരണവുമായി നടൻ മാധവ് സുരേഷ്.
മാധവിന് അഭിനയിക്കാൻ അറിയില്ലെന്നും, അഭിനയം നിർത്തിയിട്ട് പോകണമെന്നുമാണ് പ്രേക്ഷകരുടെ വിമർശനം. എന്നാൽ താൻ ശ്രമിക്കുമെന്നും, പറ്റില്ലെന്ന് തെളിഞ്ഞാല്‍ താന്‍ സ്വയം അഭിനയം നിര്‍ത്തിപ്പോവുമെന്നും ഇല്ലെങ്കില്‍ ഇവിടെ തന്നെ കാണുമെന്നുമാണ് മാധവിന്റെ പ്രതികരണം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാധവ് നിലപാട് വ്യക്തമാക്കിയത്.
‘കുമ്മാട്ടിക്കളി’യില്‍ എന്റെ പ്രകടനം മികച്ചതാണെന്ന് ഞാൻ അഭിപ്രായപെടുന്നില്ല. ആളുകൾ എന്നോട് പറയുന്നത് നീ പണി നിര്‍ത്തി പോ, നിനക്കിത് പറ്റില്ല എന്നൊക്കെയാണ്. ഞാൻ തുടങ്ങിയിട്ടല്ലേ ഒള്ളു, എനിക്ക് പറ്റുമോ ഇല്ലയോ എന്ന് ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കട്ടെ. പറ്റില്ലാ എന്ന് എനിക്ക് തെളിഞ്ഞാല്‍ പോയ്‌ക്കോളാം. അതിനി അങ്ങനെയല്ലെങ്കില്‍ ഞാന്‍ ഇവിടെതന്നെ കാണും. അന്ന് ഞാൻ രണ്ടാമതൊന്നുകൂടെ ആലോചിച്ചാൽ മതിയായിരുന്നു. എന്റെ അടുത്ത് അവതരിപ്പിച്ച സിനിമ ഇങ്ങനെയായിരുന്നില്ല. ഇതിനു മുന്നേ പല താരങ്ങൾക്കും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. സ്‌ക്രിപ്റ്റ് പറയുമ്പോള്‍ ഒരു കഥയായിരിക്കും, ഷൂട്ടിങ്ങിന് പോവുമ്പോള്‍ വേറൊരു കഥയാവും. സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ ഇത്ര ബജറ്റില്‍ ഈ കാന്‍വാസില്‍ ചെയ്യാനുള്ള പ്രൊഡക്ഷനായിരിക്കും പദ്ധതിയിടുന്നത്. ഷൂട്ടിങ് തീരുമ്പോള്‍ കണക്കെടുത്തുനോക്കിയാല്‍ അതിന്റെ പകുതിയുടെ പകുതി പോലും വന്നുകാണില്ല. മാധവ് പറഞ്ഞു.
ഒരു അഭിനേതാവെന്ന നിലയിൽ നിർമ്മാതാവിനോടും പ്രേക്ഷകരോടും എനിക്കുത്തരവാദിത്വമുണ്ട്. അതായത് പൈസ തന്നവര്‍ക്ക് അത് തിരികെ നല്‍കാനുള്ള ഉത്തരവാദിത്തവും പൈസ കൊടുത്ത് സിനിമ കാണാന്‍ വരുന്നവര്‍ക്ക് വിനോദമൂല്യം നല്‍കാനുള്ള ഉത്തരവാദിത്തവും. അത് ആ സിനിമയില്‍ നടന്നിട്ടില്ല. മറ്റെന്തിനേക്കാളും ഞാന്‍ അക്കാര്യത്തില്‍ നിരാശനാണ്. എന്നാല്‍, എനിക്ക് കുറ്റബോധമില്ല. ഒരുപാട് അനുഭവപരിചയം ചിത്രം തന്നിട്ടുണ്ട്’, മാധവ് സുരേഷ് പറഞ്ഞു.