തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ സന്ദര്‍ശിച്ച് ദുല്‍ഖര്‍ സൽമാൻ

','

' ); } ?>

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ സന്ദര്‍ശിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാനും, നിർമ്മാതാവ് സ്വപ്ന ദത്തും. മന്ത്രിയുടെ വസതിയിലെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പൂച്ചെണ്ടും നല്‍കിയും നീല നിറത്തിലുള്ള പൊന്നാടയും അണിയിച്ചും രേവന്ത് റെഡ്ഡി ദുല്‍ഖറിനെ സ്വീകരിക്കുന്ന വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ദുൽഖർ നായകനായെത്തിയ തെലുഗ് ചിത്രം ലക്കി ഭാസ്കറിലെ അഭിനയത്തിന് ദുല്‍ഖർ സൽമാന് കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള തെലുങ്കാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ ദുൽഖറിന് സാധിച്ചിരുന്നില്ല. പിന്നാലെ, സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ ദുല്‍ഖര്‍ രേവന്ത് റെഡ്ഡിക്ക് നന്ദി അറിയിച്ചിരുന്നു.അതുകൊണ്ട് തെലങ്കാനയിൽ എത്തിയപ്പോൾ ദുൽഖറിനെ തന്റെ വസതിയിലേക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പ്രത്യേകം ക്ഷണിച്ചതാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദുല്‍ഖര്‍ നായകനായ ‘സീതാരാമം’, ‘മഹാനടി’ എന്നീ തെലുങ്ക് ചിത്രങ്ങളുടെ നിര്‍മാതാവും കൂടിയാണ് നിർമ്മാതാവ് സ്വപ്ന ദത്ത്. ദുൽഖറിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചപ്പോൾ, ‘മഹാനടി’ 2018-ലെ മികച്ച ചിത്രമായും ‘സീതാരാമം’ 2022-ലെ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

തെലുങ്കില്‍ ലക്കി ഭാസ്‌കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. ഒടിടിയിലും ലക്കി ഭാസ്കറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തുടര്‍ച്ചയായി 100 ദിവസം നെറ്റ്ഫ്‌ളിക്‌സില്‍ ഇന്ത്യാ ടോപ് 10ല്‍ സ്ഥാനം പിടിച്ച ആദ്യ സൗത്ത് ഇന്ത്യന്‍ ചിത്രമായിരുന്നു ലക്കി ഭാസ്‌കര്‍. ആര്‍ആര്‍ആര്‍, ദേവരാ, കല്‍ക്കി 2898 എഡി എന്നീ സിനിമകളെ പിന്തള്ളിയാണ് ലക്കി ഭാസ്‌കര്‍ ഈ റെക്കോര്‍ഡ് കൈവരിച്ചത്.