സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായ’ മാ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം. ഫിലിം ക്രിട്ടിക് ഗില്‍ഡ് ആന്‍ഡ് മോഷന്‍ കണ്ടന്റ് ഗ്രൂപ്പ് നടത്തിയ ക്രിട്ടിക് ചോയ്‌സ് ഷോര്‍ട്ട് ഫിലിം അവാര്‍ഡ് (സി എസ് എഫ് എ) നല്‍കി വരുന്ന മികച്ച നടിക്കുള്ള അവാര്‍ഡാണ് കനിയെ തേടിയെത്തിയത്. സര്‍ജുനിയാണ് ‘മാ’ സംവിധാനം ചെയ്തത്.
ബേബി അനിഘയും കനി കുസൃതിയും അഭിനയിച്ച ഈ ചിത്രം നിരവധി പ്രേക്ഷക പ്രശംസ നേടിയിരുന്നു. അമ്മയും മകളും തമ്മിലുള്ള ബന്ധവും അവര്‍ നേരിടുന്ന പ്രതിസന്ധി ഘട്ടവുമാണ് ഷോര്‍ട്ട് ഫിലിമിന്റെ പ്രധാന വിഷയം.സമൂഹ മാധ്യമങ്ങളിലടക്കം ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
മുംബൈയില്‍ വെച്ച് ഡിസംബര്‍ 15 ന് നടന്ന അവാര്‍ഡ്ദാന ചടങ്ങിലായിരുന്നു കനി കുസൃതിയെ മികച്ച നടിയായി പ്രഖ്യാപിച്ചത്. മികച്ച ഷോര്‍ട്ട് ഫിലിം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി തുടങ്ങി പത്തോളം പുരസ്‌കാരങ്ങള്‍ ആയിരുന്നു പ്രഖ്യാപിച്ചത്. പങ്കജ് ത്രിപാഠി, ശ്രീറാം രാഘവന്‍, കൂനാല്‍ കപൂര്‍, ശ്രിയ പില്‌ഗോങ്കര്‍, സോഹം ഷാഹ്, മനീഷ് ശര്‍മ്മ തുടങ്ങി സിനിമ മേഖലയിലുള്ള നിരവധി പ്രമുഖരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. രാജ്യത്താകമാനമുള്ള ഷോര്‍ട്ട് ഫിലിം കലാകാരന്മാരുടെ ക്രിയാത്മകമായ കഴിവ് തിരിച്ചറിഞ്ഞു അഭിനന്ദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിം ക്രിട്ടിക് ഗില്‍ഡ് ആന്‍ഡ് മോഷന്‍ കണ്ടെന്റ് ഗ്രൂപ്പ് ഈ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.