
“തുടരുമിന്” ശേഷം വീണ്ടും ഒന്നിച്ച് പ്രകാശ് വർമ്മയും മോഹൻലാലും. ഇരുവരും ഒന്നിച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്റ്റീരിയോ ടൈപ്പ് മാതൃകകളെ പൊളിച്ചടുക്കുന്ന രീതിയിൽ സ്ത്രൈണ ഭാവത്തിലാണ് മോഹൻലാൽ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആഭരണങ്ങള്‍ അണിഞ്ഞ് സ്ത്രൈണ ഭാവത്തില്‍ ചുവടുവയ്ക്കുന്ന മോഹൻലാലിന്റെ പ്രകടനത്തിന് സിനിമ ലോകത്തു നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
“മോഹൻലാല്‍ സാര്‍ റോക്കിംഗ്” എന്നാണ് ചലച്ചിത്ര നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്ലാ പുരുഷൻമാരിലുമുള്ള സ്ത്രൈണതയെ മനോഹരമായി മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നു. എന്തൊരു അവിശ്വസനീയമായ പരസ്യമാണ് ഇത് ഖുശ്ബു പറഞ്ഞു.
“പാളിപ്പോകാവുന്ന ഐറ്റം മോഹൻലാല്‍ വേറെ ലെവലില്‍ എത്തിച്ചു, ട്രോളാകുമായിരുന്ന സംഭവം മികച്ച കലാസൃഷ്ടിയായി മാറ്റിയിരിക്കുകയാണ് മോഹൻലാല്‍. ഏത് വേഷത്തില്‍ വന്നാലും മോഹൻലാല്‍ അത് മികച്ചതാക്കും, എന്നിങ്ങനെയാണ് ആരാധകരുടെ കമന്റ്.
പ്രകാശ് വര്‍മയുടെ സംവിധാനത്തില്‍ നിര്‍വാണ പ്രൊഡക്ഷൻസ് നിര്‍മിച്ച വിൻസ്മേര ജുവല്‍സിന്റെ പരസ്യമാണിത്. പ്രകാശ് വര്‍മയുടെ കണ്‍സെപ്റ്റിനെയും പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്.