
എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതം ആസ്പദമാക്കി സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന “കാന്ത” എന്ന ചിത്രത്തില്‍ ദുല്‍ഖറിനെ തീരുമാനിച്ചതിനെക്കുറിച്ച് സംസാരിച്ച് നടന്‍ റാണ ദഗ്ഗുബാട്ടി. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“കഥയാണ് ആരാണ് സിനിമയിലെ അഭിനേതാവ് എന്ന് നിശ്ചയിക്കുന്നത്. ചില റോളുകള്‍ക്ക് ചില ആള്‍ക്കാരാണ് ഏറ്റവും ചേരുക. സിനിമയുടെ നിര്‍മാതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ആ സിനിമയുടെ ആ കഥയ്ക്ക് ഏറ്റവും ചേരുന്ന അഭിനേതാക്കളെയും മറ്റും കണ്ടെത്തുക എന്നതാണ്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്നത് ദുല്‍ഖറാണ്. അദ്ദേഹമില്ലെങ്കില്‍ ഈ സിനിമ നടക്കില്ലെന്ന് വരെ തോന്നിയിരുന്നു,’ റാണ ദഗ്ഗുബാട്ടി പറഞ്ഞു
നടന്‍ റാണ ദഗ്ഗുബാട്ടിയും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന “കാന്ത” മികച്ച ബയോപിക് ആയിരിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ദുല്‍ഖറിന്റെ ‘ലക്കി ഭാസ്‌കര്‍’ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ചിത്രമായതിനാല്‍ ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായ വിജയം ഉണ്ടാകും എന്നാണു ആരാധകരുടെ കണക്കുകൂട്ടല്‍. ചിത്രം വൈകാതെ തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.