“മെന്റലി ഫിസിക്കലി ഞാൻ തളർന്നിരുന്നു. പക്ഷെ ഇപ്പോൾ ആശ്വാസമായി”; ദൃശ്യം 3 അപ്ഡേറ്റ് പങ്കുവെച്ച് ജീത്തു ജോസഫ്

','

' ); } ?>

ദൃശ്യം മൂന്നാംഭാഗത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ച് ജീത്തു ജോസഫ്. ചിത്രത്തിൻറെ ക്ലൈമാക്സ് പൂർത്തിയായെന്നും, മാനസികമായും ശാരീരികമായും തളർന്നിരുന്ന തനിക്ക് ഇപ്പോൾ ആശ്വാസമായെന്നുമാണ് ജീത്തു ജോസഫ് പറഞ്ഞത്. മിറാഷ്, വലതു വശത്തെ കള്ളൻ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിൽ രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റാണ് സിനിമയുടെ ക്ലൈമാക്സ് പൂർത്തിയാക്കിയതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

‘ഇന്നലെ രാത്രിയാണ് ഞാൻ ദൃശ്യം 3 ക്ലൈമാക്സ് എഴുതി തീർത്തത്. ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി പൂർത്തിയാക്കി.ഇത്രയും ദിവസം അതിന്റെ ടെൻഷനിൽ ആയിരുന്നു. മിറാഷ് എന്ന ആസിഫ് അലി ചിത്രത്തിന്റെയും, വലത്ത് വശത്തെ കള്ളൻ സിനിമയുടെയും ചിത്രീകരണത്തിനിടയിൽ എന്നും രാവിലെ മൂന്നര മണിക്ക് എഴുന്നേറ്റ് ദൃശ്യം 3 എഴുതും. അത് കൊണ്ട് തന്നെ മെന്റലി ഫിസിക്കലി ഞാൻ തളർന്നിരുന്നു. പക്ഷെ ഇന്നലെ ആശ്വാസമായി. ഇവിടെ വന്നപ്പോൾ ഞാൻ ദൃശ്യം സിനിമയുടെ മ്യൂസിക് കേട്ടു. അപ്പോൾ എന്റെ മനസിലൂടെ സിനിമയുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും മൂന്നാം ഭാഗവും പോയ്‌കൊണ്ടിരിക്കുകയാണ്. അതൊരു വല്ലാത്ത ഫീൽ ആണ്,’ ജീത്തു ജോസഫ് പറഞ്ഞു.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. മലയാളത്തിലെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 നാണ് ആദ്യ ഭാഗം പുറത്തിറങ്ങിയത്. തുടർന്ന് 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഇന്ത്യയിൽ കൂടാതെ ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.