
ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം സ്വന്തമാക്കി സുരേഷ് ഗോപി ചിത്രം “ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള”.ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ ഇന്നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിച്ചതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. കേന്ദ്ര കഥാപാത്രം”ജാനകി”യെ അവതരിപ്പിച്ച അനുപമയും അവരുടെ റോൾ മികച്ചതാക്കിയെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. അഭിനേതാക്കളിൽ പ്രേക്ഷകർ എടുത്തു പറയുന്ന മറ്റൊരു പ്രകടനം ശ്രുതി രാമചന്ദ്രന്റേതാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള തിരക്കഥയെ അതിന്റെ തീവ്രതയിൽ തന്നെ അവതരിപ്പിക്കാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. അഡ്വേക്കറ്റ് ഡേവിഡ് ആബേൽ ഡോണോവന്‍ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ വമ്പൻ ഡയലോഗുകളും മികച്ച അഭിനയമുഹൂർത്തങ്ങളും എടുത്തു പറയേണ്ടതാണ്. ചിത്രത്തിന്റെ കഥയോട് ചേർന്ന് നിൽക്കുന്ന തരത്തിലുള്ള മികവുറ്റ പ്രകടനം പുറത്തെടുക്കാന്‍ ടെക്‌നിക്കൽ ഡിപാർട്ട്‌മെന്റിനും സാധിക്കുന്നുണ്ട്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വന്ന ചിത്രം കൂടിയാണ് ജെഎസ്‌കെ. 2023ൽ റിലീസായ ഗരുഡന് ശേഷം തിയേറ്ററിലെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് ഇത്. ജൂൺ 27ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് പേരിനെ ചൊല്ലിയുള്ള വിവാദങ്ങളും സെന്‍സര്‍ ബോര്‍ഡ് ഇടപെടലും മൂലം നീട്ടിവെക്കുകയായിരുന്നു.
ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.