
തന്റെ ഏറ്റവും പുതിയ ചിത്രം ജെഎസ്കെയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ തൃശൂര്‍ രാഗം തിയറ്ററില്‍ എത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഏറെ വിവാദങ്ങൾക്ക് വഴി വെച്ച ചിത്രം ഇന്നാണ് പ്രദർശനത്തിനെത്തിയത്. “വിവാദങ്ങള്‍ ഉയര്‍ത്തി ചിത്രത്തിന്റെ ആശയത്തെ വഴിതിരിച്ചുവിടാന്‍ പാടില്ലെന്ന്” സുരേഷ് ഗോപി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
“ജെഎസ്കെ എന്ന സിനിമ വലിയ വിഷയമാണ് ചർച്ച ചെയ്യുന്നത്. വിവാദങ്ങൾ ഉയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാൻ പാടില്ല. സിനിമയ്ക്ക് പെൺകുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ ഏട് എഴുതിച്ചേർക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. സിനിമ എല്ലാവരെയും ചിന്തിപ്പിക്കും. അതിനുവേണ്ടിയുള്ള ശബ്ദം ഉയരട്ടെ എന്നാണ് ആഗ്രഹം. ജാനകിയുടെ ശബ്ദം സ്ത്രീ സമൂഹത്തിന്റെ ശബ്ദമാകട്ടെ. സ്ത്രീകൾക്കുവേണ്ടി നിയമം മാത്രം പോര, അത് നടപ്പിലാക്കാനും കഴിയട്ടെ. സുരേഷ് ഗോപി പറഞ്ഞു.
ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ നിലവിലെ ടൈറ്റില്‍. ചിത്രത്തിന്റെ സെന്‍സറിംഗ് വിവാദത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ന്മെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ ഫാനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്.