
വിജയ് മിൽടൺ ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി റാപ്പർ വേടൻ. വിജയ് മിൽടന്റെ ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലേക്കാണ് വേടനെത്തുക. ചിത്രത്തിന് പേരിട്ടിട്ടില്ല. തമിഴിലെ തെരുവുകളിൽ വേടന്റെ ശബ്ദം മുഴങ്ങാൻ പോകുന്നു എന്ന ക്യാപ്ഷനോട് കൂടെയുള്ള വീഡിയോ പങ്കുവെച്ചാണ് തമിഴ് സംഗീത ലോകം വേടനെ സ്വാഗതം ചെയ്യുന്നത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
റാസ് തരുണാണ് ചിത്രത്തിലെ നായകൻ. “ഗോലി സോഡ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിജയ് മിൽടൺ. പിന്നീടിറങ്ങിയ അദ്ദേഹത്തിന്റെ ഒട്ടു മിക്ക സിനിമകളും ഒരേ സീക്വൻസിൽ തന്നെയായിരുന്നു. വേടന്റെ ചിത്രവും അതേ സീക്വൻസിൽ തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലിയ ആവേശത്തോടെയാണ് തമിഴ് സംഗീത ആസ്വാദകർ വേടന്റെ കടന്നു വരവിനെ വരവേൽക്കുന്നത്.