സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് നേരിട്ട് എത്തുകയാണ്. സണ്ണി വീരനായികയായി എത്തുന്ന വീര്‍മാദേവി മലയാളത്തിലും എത്തുന്നുണ്ടെങ്കിലും മോളിവുഡില്‍ ഒരുങ്ങുന്ന ഒരു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സന്തോഷ വിവരം സണ്ണി ലിയോണ്‍ തന്നെ പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്. രംഗീല എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന രംഗീലയുടെ തിരക്കഥ സനില്‍ എബ്രഹാമിന്റേതാണ്. മണിരത്നം ,സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല യുടെ വിശേഷങ്ങള്‍ നിര്‍മ്മാതാവ് ജയലാല്‍ മേനോന്‍ സെല്ലുലോയ്ഡിനോട് പങ്കുവെയ്ക്കുന്നു.
. സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്നൊരു പ്രഖ്യാപനമാണ് മലയാളത്തില്‍ സണ്ണി ലിയോണിന്റെ വരവ് അതിനെ കുറിച്ച്?
കേരളം മുഴുവന്‍ സണ്ണി വരും എന്നൊരു അനൗണ്‍സ്‌മെന്റ് നേരത്തെ ഉണ്ടായിരുന്നു. പല തവണ വാര്‍ത്തകള്‍ വന്നെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായില്ല. ഞങ്ങളാണിപ്പോള്‍ അത് പ്രാവര്‍ത്തികമാക്കിയത്. എല്ലാ മലയാളികളും ആകാംക്ഷയോടെ കാത്തിരുന്നൊരു കാര്യമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
.സിനിമ എങ്ങനെ പുരോഗമിക്കുന്നു? ആലോചനയിലേക്ക് എങ്ങനെയാണ് എത്തിയത്?
ഈ സിനിമ ഒരു ട്രാവല്‍ ഫണ്‍ ലവ് സ്‌റ്റോറിയാണ്. ഗോവ, ഹംബി, തുടങ്ങി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നല്ല ലൊക്കേഷന്‍സെല്ലാം കവര്‍ ചെയ്ത് ഡാന്‍സുകളും പാട്ടുകളുമെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ഒരു ആസ്വാദ്യകരമായൊരു ചിത്രമാണ് ഈ സിനിമ. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സണ്ണിലിയോണിന്റെ പാറ്റേണ്‍ വെച്ചുള്ള ഒരു സിനിമയല്ല ചെയ്യുന്നത്. കുടുംബത്തോടെ എല്ലാവര്‍ക്കും ഒരു പോലെ കാണാവുന്ന ഒരു സിനിമയായിരിക്കും ഇത്. അത്‌കൊണ്ടാണ് കഥയില്‍ ആ ഒരു പ്ലോട്ട് പിടിച്ചത്. ഒരു വിഭാഗത്തിനെ മാത്രം കണ്ടുകൊണ്ടല്ല ഈ സിനിമ ചെയ്യുന്നത്.
.സണ്ണിലിയോണിന്റെ കഥാപാത്രം?
. ഒരു ഹോളിവുഡ്, ബോളിവുഡ് നടി എന്നൊരു കഥാപാത്രമായാണ് സണ്ണി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന് ശരിക്കും അനുയോജ്യയും സണ്ണി ലിയോണ്‍ തന്നെയാണ്.
.ചിത്രത്തിന്റെ ടൈറ്റില്‍ തന്നെ ഒരു ആഘോഷമാണ്….ഇതിനകത്ത് ചേരുന്ന മറ്റ് ഘടകങ്ങള്‍ എന്തൊക്കെയാണ്..?
മുഖ്യധാരയിലുള്ള വളരെയധികം ആര്‍ട്ടിസ്റ്റുകള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹരീഷ് കണാരന്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്,സലീം കുമാര്‍,അജു വര്‍ഗീസ്, രമേഷ് പിഷാരടി തുടങ്ങീ താരനിരയും അണിനിരക്കുന്നു. സംഗീതത്തിനും നൃത്തത്തിനും വളരെ പ്രാധാന്യമുള്ളൊരു ചിത്രമാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുംപോലൊരു കളര്‍ഫുള്‍ മൂവിയാണ് രംഗീല.
.സണ്ണിലിയോണിനെ നിര്‍ദ്ദേശിച്ചത്?
ഈ ചിത്രത്തിന്റെ കഥ എഴുതിയത് ഞാന്‍ തന്നെയാണ്. സണ്ണി ലിയോണിനെ വെച്ച് തന്നെയാണ് ഈ കഥ മനസ്സില്‍ വന്നത്. ഹോളിവുഡിലും ബോളിവുഡിലും പ്രശസ്തയായ ഒരു അഭിനേത്രിയെ മലയാളി പ്രേക്ഷകര്‍ക്ക് അറിയാം എന്നൊരു മുന്‍ധാരണ ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും അനുയോജ്യ സണ്ണിയായിരിക്കും എന്ന് തോന്നി.
.സംവിധായകനെ കുറിച്ച്?
സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹം ഫഹദ് ഫാസിലിനെവെച്ച് മണിരത്‌നം എന്നൊരു സിനിമ ചെയ്തിരുന്നു. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായത്തുന്ന സച്ചിന്‍ എന്ന സിനിമ ചെയ്ത്‌കൊണ്ടിരിക്കുന്നു. ചിത്രം
ജനുവരിയില്‍ റിലീസ് ചെയ്യും. അതിന് ശേഷമായിരിക്കും രംഗീലയുടെ ചിത്രീകരണം ആരംഭിക്കുക.
.നിര്‍മ്മിച്ച ചിത്രങ്ങളെക്കുറിച്ച്?
ഞങ്ങളുടെ സിനിമാ നിര്‍മ്മാണം ആരംഭിച്ചത് ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു. അതിന് ശേഷം കരിങ്കുന്നം സിക്‌സേഴ്‌സ് ചെയ്തു. ഇപ്പോള്‍ പപ്പു എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിലാണ്. ചിത്രത്തില്‍ ഗോകുല്‍ സുരേഷാണ് നായകനായെത്തുന്നത് . ജയറാം കൈലാഷാണ് സംവിധായകന്‍. ജനുവരിയോടടുത്ത് ചിത്രം റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. അതിന് ശേഷമായിരിക്കും രംഗീല ആരംഭിക്കുക.
.ബിസിനസ്സ് എന്ന രീതിയില്‍ എങ്ങനെയാണ് ഈ ചിത്രത്തെ കാണുന്നത്…
ഇപ്പോള്‍ പി.ടി ഉഷയുടെ ബയോപിക് ഹിന്ദിയില്‍ ഞങ്ങളാണ് നിര്‍മ്മിക്കുന്നത്. രംഗീലയുടെ വിജയം ബോളിവുഡ് പ്രവേശനത്തിന് മികച്ചതാവും. 100 കോടി ബജറ്റിലാണ് പി.ടി ഉഷയുടെ ബയോപിക് നിര്‍മ്മിക്കുന്നത്. അതിന് മുന്നോടിയായിട്ടുള്ളൊരു നല്ലൊരു കാല്‍വെയ്പ്പായിരിക്കും രംഗീല.
.രംഗീലയുടെ ബജറ്റ്?
എട്ടരക്കോടി മുതല്‍ 9 കോടി വരെയാണ് ഫസ്റ്റ് കോപ്പിക്കായി ചെലവഴിക്കുന്നത്. മലയാളം മാത്രമാണ് ചെയ്യുന്നത്. സാധാരണ ചെയ്യാറുള്ളത് പോലെ ഡബ്ബിംഗ് റൈറ്റ്‌സ് കൊടുക്കും. ഇത് ഒരു സമ്പൂര്‍ണ്ണ മലയാള സിനിമയായിരിക്കും. പ്രൊഡക്ഷന്‍ സേഫായിട്ടുള്ളൊരു ബജറ്റില്‍ ആണ് എന്നാല്‍ ഹെവി ബജറ്റിലുമല്ല.
.ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ എങ്ങനെയായിരുന്നു സണ്ണിയുടെ ഭാഗത്ത് നിന്നുള്ള സമീപനം?
ശരിക്കും പറഞ്ഞാല്‍ ഞങ്ങളുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ടുള്ള ഒരു സമീപനമായിരുന്നു അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വളരെ സിംപിളായൊരു വ്യക്തി എന്നതിലുപരി അവര്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു സണ്ണി. അപ്പോയ്‌മെന്റൊക്കെ എടുത്ത് ചെന്ന് അവരെ കാണുമ്പോള്‍ ഒരു എക്‌സൈറ്റ്‌മെന്റായിരുന്നു. സാധാരണക്കാരെക്കാളും സാധാരണ സംസാരവും പ്രവൃത്തിയും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. എഗ്രിമെന്റ് സൈന്‍ ചെയ്തത്‌പോലും താഴെ നിലത്തിരുന്നാണ്. കേരളത്തെക്കുറിച്ച് പറയുമ്പോള്‍ സണ്ണിയും ഒരുപാട് എക്‌സൈറ്റാഡാണ്. പ്രളയത്തെക്കുറിച്ച് പറയുമ്പോള്‍ താന്‍ കേരളത്തിന് വേണ്ടി ചെയ്തത് ചെറുതാണെന്നാണ് സണ്ണി പറയുന്നത്. ഇനിയും എനിക്ക് കഴിയുന്നത് പോലെ സഹായിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് പറയുന്നത്. സാമൂഹ്യസേവനങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുന്നൊരു സ്ത്രീയാണ് അവര്‍.
.ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ സിനിമയുടെ കഥ പറയുകയായിരുന്നോ?
ഞങ്ങളാദ്യം കഥ പറഞ്ഞതിന് ശേഷമാണ് സൈന്‍ ചെയ്യിച്ചത്. മലയാളത്തില്‍ നിന്ന് പലരും സണ്ണി ലിയോണിനെ ഫോണിലൂടെ സമീപിച്ചിരുന്നെങ്കിലും സബ്ജക്റ്റ് പറയാനൊ അഡ്വാന്‍സ് കൊടുക്കാനൊ ആരും മുംബൈയിലേക്ക് ചെന്നിരുന്നില്ല. സണ്ണിയും എപ്പോഴും കഥയ്ക്ക് മൂല്യമുള്ള സിനിമകളാണ് തിരഞ്ഞെടുക്കുന്നത്. സൗത്തില്‍ നല്ലൊരു തുടക്കം കുറിക്കുമ്പോള്‍ നല്ലൊരു സിനിമ ചെയ്യണമെന്നാണ് അവരുടെ ആഗ്രഹം. അപ്പോള്‍ ഞങ്ങള്‍ കഥപറഞ്ഞപ്പോള്‍ അവര്‍ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. സണ്ണിയുടെ ഭര്‍ത്താവ് തന്നെയാണ് സിനിമയുമായ് ബന്ധപ്പെട്ടവയെല്ലാം മാനേജ് ചെയ്യുന്നത്. അപ്പോള്‍ അവരുമായ് കുറേ തവണ ഫോണില്‍ ബന്ധപ്പെടുകയും ചാറ്റ് ചെയ്യുകയുമെല്ലാം ചെയ്തു. എന്നിരുന്നാലും ആദ്യകൂടിക്കാഴ്ച്ചയില്‍ കഥകേട്ടാണ് ചെയ്യാമെന്ന് സമ്മതിച്ചത്. അപ്പോള്‍ തന്നെ അധികം ആലോചിക്കാന്‍ സമയം നല്‍കാതെ കരാര്‍ ഒപ്പിട്ട് വാങ്ങി…(ചിരിക്കുന്നു)
. സിനിമയുടെ പ്രഖ്യാപനം സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ ആദ്യം പബ്ലിഷ് ചെയ്തു, പിന്നീട് കുറച്ച് നേരത്തേക്ക് കാണാനില്ല. അതിനെക്കുറിച്ച്?
.അത്രയധികം ശ്രദ്ധിക്കപ്പെടുന്നൊരാളുടെ പേജില്‍ നിന്ന് ഒഫിഷ്യലായിട്ട് ഒരു അനൗണ്‍സ്‌മെന്റ് ഉണ്ടാവുമ്പോള്‍ അവര്‍ക്കൊരു ഫോര്‍മാറ്റ് ഉണ്ടാവാറുണ്ട്. ഞങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരമാണ് അവരങ്ങനെ ചെയ്തത്. കാരണം ധാരാളം തെറ്റായ വാര്‍ത്തകള്‍ വരുമ്പോള്‍ സത്യമാണോ ഇതെന്ന് എല്ലാവര്‍ക്കും സംശയം വരാം. അത്‌കൊണ്ടാണ് ഞങ്ങള്‍ ഫുള്‍ ഗ്രൂപ്പിന്റെയും ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞത്. ആ അനൗണ്‍സ്‌മെന്റിന് ശേഷം അവര്‍ ഫസ്റ്റ് പോസ്റ്ററിലേക്ക് മാറ്റുകയും ചെയ്തു. അവരുടെ പേജില്‍ അങ്ങനെ ഗ്രൂപ്പ് ഫോട്ടോസൊന്നും ഇടാറില്ല. ഒന്നുകില്‍ ഷാരൂഖിനൊപ്പമോ അല്ലെങ്കില്‍ അവരുടെ മാത്രം ഫോട്ടോയൊ മാത്രമേ വരാറുള്ളു. കാരണം അവര്‍ മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു അഭിനേത്രിയല്ലല്ലോ…അത്‌കൊണ്ടാണ് അവര്‍ ആ പോസ്റ്റ് മാറ്റിയിട്ട് പിന്നീട് ടൈറ്റില്‍ ലോഞ്ച് ചെയ്തത്. പിന്നെ ഞങ്ങളെ സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് ഒരു വ്യക്തത വരുത്തണം. അത് യാഥാര്‍ത്ഥ്യമാണെന്ന് ബോധിപ്പിക്കാനായിരുന്നു ആദ്യം ഗ്രൂപ്പ് ഫോട്ടോ ഇട്ടതും പിന്നീട് ടൈറ്റില്‍ പോസ്റ്ററിട്ടതും.
. എഴുത്തിനെ കുറിച്ച്?
.ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലൂടെയാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്. കൂടാതെ ഒന്നു രണ്ട് സിനിമകളിലും ഞാന്‍ എഴുതിയിട്ടുണ്ട്. ഇത് ഒരു ഫുള്‍ ടൈം പ്രൊഫഷനല്ല. മനസ്സില്‍ തോന്നുന്ന ആശയം എഴുതിവെയ്ക്കും. ലൈഫ് ഓഫ് ജോസൂട്ടിയുടെ കഥ ഞാന്‍ ജിത്തുവിനോട് പറഞ്ഞു. ജിത്തുവിന് ഇഷ്ടപ്പെട്ടു അങ്ങനെയാണ് അത് സിനിമയായത്. ഇപ്പോള്‍ രംഗീലയുടെ തിരക്കഥ, സംഭാഷണം സനല്‍ എബ്രഹാമാണ് ചെയ്യുന്നത്. ഞാന്‍ ഒരു ഐഡിയ പറഞ്ഞപ്പോള്‍ സംവിധായകന്‍ സന്തോഷിനത് ഇഷ്ടമായി.
.കഥ പറഞ്ഞപ്പോള്‍ സണ്ണിയുടെ അഭിപ്രായം?
സാധാരണ എല്ലാവരും സണ്ണിയെ കഥ കേള്‍പ്പിക്കാന്‍ പോകാറ് സണ്ണിയുടെ സ്ഥിരം കോണ്‍സെപ്റ്റിലുള്ള കഥകളായിരിക്കും. ഇത് വളരെ വ്യത്യസ്ഥമായൊരു കഥയാണ്. അവര്‍ക്ക് ഈസിയായിട്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാവുമ്പോള്‍ വളരെ ആകാംക്ഷയായി. ഒരുപാട് പ്രതീക്ഷകളുള്ളൊരു സിനിമയാണിത്. പിന്നെ മലയാളത്തിലേക്കായത്‌കൊണ്ട് അവര്‍ വളരെ ഹാപ്പിയാണ്.
.സണ്ണിലിയോണ്‍ തന്നെ ഒരു അത്ഭുതമാണ്. ഇനിയും എന്തെങ്കിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ?
സണ്ണി ലിയോണിന് ഒരു മുഴുനീള കഥാപാത്രമാണ് രംഗീലയില്‍. ഒരു അതിഥി വേഷത്തിലൊ അല്ലെങ്കില്‍ പാട്ട് സീനിലൊ വരുന്നൊരു കഥാപാത്രമല്ല. സണ്ണി ഇതിന് വേണ്ടി ഒരു 30 ദിവസത്തെ കാള്‍ഷീറ്റാണ് തന്നിരിക്കുന്നത്. കൂടാതെ പ്രമോഷന് 8 ദിവസം കൂടി അവര്‍ ഉണ്ടാവും. 38 ദിവസം അവര്‍ മുഴുവന്‍ സമയവും കൂടെയുണ്ടാവും. എല്ലാവര്‍ക്കും സംശയം സണ്ണി അഥിതി വേഷത്തിലാണൊ സിനിമയില്‍ എത്തുന്നതെന്നാണ്. പക്ഷെ രംഗീലയില്‍ സണ്ണി ലിയോണാണ് നായകനും നായികയും.
.അണിയറ പ്രവര്‍ത്തകരെക്കുറിച്ച്?
ബാഹുബലിയുടെ സെക്കന്റ് യൂണിറ്റായി പ്രവര്‍ത്തിച്ച ക്യാമറാമാന്‍ ആണ് രംഗീലയില്‍ പ്രവര്‍ത്തിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ നിര്‍വഹിക്കാന്‍ പുറത്ത് നിന്ന് ആളെക്കൊണ്ടുവരാനാണ് തീരുമാനം. ആക്ഷനും പ്രാധാന്യമുള്ള ഒരു സിനിമ കൂടിയാണ് രംഗീല.