മലയാള സിനിമയിലെ ദൃശ്യഭാഷയെ സമ്പന്നമാക്കിയ ഛായാഗ്രാഹകൻ; എം.ജെ.രാധാകൃഷ്ണന് ഓർമ്മപ്പൂക്കൾ

','

' ); } ?>

മലയാള സിനിമയിലെ ദൃശ്യഭാഷയെ സമ്പന്നമാക്കിയ ക്യാമറയ്ക്ക് പിന്നിലെ അതുല്യ പ്രതിഭ എം.ജെ.രാധാകൃഷ്ണനെ സിനിമാ ലോകത്തിനു നഷ്ടമായിട്ട് ഇന്നേക്ക് ആറു കൊല്ലം. സ്റ്റിൽ ഫോട്ടോഗ്രാഫറായി തുടക്കം കുറിച്ചിട്ട് ഒടുവിൽ സ്വതന്ത്ര ഛായാഗ്രാഹകനായി മലയാള സിനിമയുടെ മാനദണ്ഡങ്ങൾ തന്നെ മാറ്റി എഴുതിയ കലാകാരനാണ് എം.ജെ.രാധാകൃഷ്ണൻ. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കലാകാരൻ.

എഴുപത്തിയഞ്ചോളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച എം.ജെ. രാധാകൃഷ്ണൻ കൊല്ലം പുനലൂരിലെ തൊളിക്കോട് ശ്രീനിലയത്താണ് ജനിച്ചത്. ചെറുപ്പം മുതൽതന്നെ ക്യാമറയോട് അടുക്കുകയായിരുന്നു. എൻ.എൻ. ബാലകൃഷ്ണന്റെ കൈപിടിച്ചായിരുന്നു സിനിമയിലെ തുടക്കം. പിന്നീട് ഷാജി എൻ. കരുണ്‍, അടൂർ ഗോപാലകൃഷ്ണൻ, ടി.വി. ചന്ദ്രൻ, മധുപാൽ, ജയരാജ്, ഡോ. ബിജു, രഞ്ജിത് എന്നിവർക്കൊപ്പം വലിയ വളർച്ചയിലേക്ക്.

1988-ൽ അലി അക്ബർ സംവിധാനം ചെയ്ത മാമലുകൾക്കപ്പുറം ആണ് സ്വതന്ത്ര ഛായാഗ്രാഹകനായുള്ള തുടക്കം. അവിടന്നങ്ങോട്ട് കരുണം, ദേശാടനം, കാട് പൂക്കുന്ന നേരം, വീട്ടിലേക്കുള്ള വഴി, ബയോസ്കോപ്പ് തുടങ്ങി നിരവധി കലാപരമായ ചിത്രങ്ങൾക്കാണ് അദ്ദേഹം ദൃശ്യഭംഗി നൽകിയത്.

ഏഴുതവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഏക ഛായാഗ്രാഹകനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. നിരവധി അന്താരാഷ്ട്ര മേളകളിൽ മലയാള സിനിമയുടെ മുഖം ആക്കി മാറ്റിയ രാധാകൃഷ്ണന്റെ മരണമെന്നത് മലയാള ചലച്ചിത്രലോകത്തിന് അപൂർവമായ നഷ്ടങ്ങളിലൊന്ന് എന്ന് തന്നെ പറയണം. ഒട്ടും തലക്കനമില്ലാതെ, ശാന്തതയോടെ പ്രവർത്തിച്ച എം.ജെ. രാധാകൃഷ്ണൻ്റെ ചിരിയും ദൃശ്യവൈഭവവും ഇന്നും സിനിമാലോകം ആദരവോടെ ഓർക്കുന്നു. പ്രതിഭയുടെ കലാ രത്നത്തിന് ഓർമകളുടെ പ്രണാമം.