“ജാനകി”യെ ചൊല്ലിയുള്ള തർക്കം വേണ്ട; വ്യക്തത വരുത്തി സംവിധായകൻ

','

' ); } ?>

സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യിലെ കഥാപാത്രത്തിന്റെ പെരുമായ ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകൻ പ്രവീണ്‍ നാരായണന്‍. റീ സെൻസറിങ് ചെയ്ത പുതിയ പതിപ്പിന് ശേഷമുള്ള പേരാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. കഥാപാത്രത്തിന്റെ സിനിമയിലെ പേര് വി. ജാനകി എന്നല്ല, ജാനകി വിദ്യാധരന്‍ പിള്ള എന്നാണെന്ന് സംവിധായകന്‍ വ്യക്തമാക്കി. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ഇടങ്ങളില്‍ ജാനകി വി. എന്ന് ഉപയോഗിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘മൂന്നു മിനിറ്റോളം വരുന്ന സ്ഥലങ്ങളില്‍ മ്യൂട്ട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. വി. ജാനകി എന്നല്ല, സിനിമയിലെ കഥാപാത്രത്തിന്റെ പേര് ജാനകി വിദ്യാധരന്‍ പിള്ള എന്നാണ്. പബ്ലിസിറ്റിയിലും ജാനകി വി. എന്ന് ഉപയോഗിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്’, പ്രവീണ്‍ നാരായണൻ പറഞ്ഞു.

പുതിയ പതിപ്പ് ലഭിച്ച് മൂന്നുദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ചയോടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ചിത്രം കണ്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനായിരുന്നു ഇങ്ങനെയൊരു അസാധാരണമായ നീക്കം കോടതി കൈകൊണ്ടത്. സിനിമ കണ്ട ഇന്നലെ കേസ് വീണ്ടും കോടതി പരിഗണിച്ചതിനു പിന്നാലെ ചിത്രത്തിന്റെ യഥാർത്ഥ പേര് മാറ്റാനുള്ള സെൻസർ ബോർഡ് തീരുമാനത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അംഗീകരിച്ചിരിചിരുന്നു.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതുപ്രകാരമുള്ള റീ എഡിറ്റ് വ്യാഴാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി. കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം ‘ജാനകി’ എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് വിവാദമായത്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻസർ ബോർഡ് രംഗത്തെത്തി. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്നായിരുന്നു നിർമാതാക്കൾ ആദ്യം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നിർമാതാക്കൾ കോടതിയെ അറിയിച്ചു. ഇതോടെ ചിത്രം കാണാനുള്ള തീരുമാനത്തിലേക്ക് ഹൈക്കോടതി ജഡ്ജി എൻ നഗരേഷും എത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും സെൻസർ ബോർഡ് പേരിലെ മാറ്റം ആവശ്യപ്പെടുകയായിരുന്നു.