
നടൻ ഉണ്ണിമുകുന്ദൻ മുൻ മാനേജരെ മർദിച്ചതിനു തെളിവില്ലെന്ന് കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പരാതിക്കാരൻ വിപിൻ കുമാർ. “താൻ ഒരു സിനിമാ നടൻ അല്ലാത്തത് കൊണ്ടാണോ മാധ്യമങ്ങൾ തന്റെ പക്ഷത്ത് നിന്ന് ചിന്തിക്കാത്തതെന്നും, സാധാരണ ഒരു പ്രശ്നം വരുമ്പോൾ മാധ്യമങ്ങൾ പൊതുവേ ഇരയ്ക്കൊപ്പം നിൽക്കുന്നതാണ് കാണാറുള്ളതെന്നും” വിപിൻ പറഞ്ഞു. കേസിൽ ഉണ്ണി മുകുന്ദൻ കോടതിയിൽ വിചാരണ നേരിടേണ്ടി വരുമെന്നും കോടതിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും വിപിൻ കുമാർ കൂട്ടിച്ചേർത്തു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടിലുള്ളത്തിലനുസരിച്ച് എൻറെ കീഴ്ത്താടിയിൽ ഒരു അടി കിട്ടിയതിനു തെളിവുണ്ട്. എന്നെ മർദ്ദിക്കണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ആളൊഴിഞ്ഞ പാർക്കിങ് ഏരിയയിലേക്ക് എന്നെ വിളിച്ചു വരുത്തിയത്. തുടർന്ന് ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ചതാണ്. അപ്പോളെന്റെ മുഖത്തുണ്ടായിരുന്ന കണ്ണട എറിഞ്ഞുടക്കുകയും ഫോൺ തട്ടി താഴെ ഇടുകയും ചെയ്തു. സാക്ഷി മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസിന് തെളിവ് ലഭിക്കുകയും, എല്ലാ വകുപ്പുകളും ചേർത്ത് ചാർജ് ഷീറ്റ് കൊടുക്കുകയും ചെയ്തതാണ്. എന്നിട്ടും മദ്റയമങ്ങൾ ഇരയോടൊപ്പം നിൽക്കാതെ പ്രതിയെ സപ്പോർട് ചെയ്യുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാനൊരു സിനിമ നടൻ അല്ലാത്തത് കൊണ്ടാണോ?
ഉണ്ണി മുകുന്ദൻ എന്ന വ്യക്തി ഇത്തരത്തിലുള്ള ക്രിമിനൽ കേസുകളിൽ മുമ്പും നിയമ നടപടി നേരിട്ട ആളാണ്. മുൻപ് മാതൃഭൂമി ചാനലിന്റെ റിപ്പോർട്ടറെയും, ക്യാമറമാനെയും മർദ്ദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ണിമുകുന്ദനെതിരെ ചാർജ് ചെയ്ത കേസിനേക്കാൾ ഒരു വകുപ്പ് കൂടുതലാണ് എൻറെ കേസിൽ എടുത്തിരിക്കുന്നത്. അന്ന് ഇരകൾക്കൊപ്പം നിന്ന മാധ്യമങ്ങൾ ഇന്ന് ഉണ്ണി മുകുന്ദനെ വെളുപ്പിക്കാൻ നോക്കുമ്പോൾ കഷ്ടം തോന്നുന്നു. ആ കേസ് പിന്നീട് എങ്ങനെയാണ് കോടതിയിൽ തീർന്നതെന്നത്തിന്റെ ദൃക്സാക്ഷി കൂടിയാണ് ഞാൻ. എന്നെക്കുറിച്ച് ഉണ്ണി മുകുന്ദൻ പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങൾ കള്ളമായിരുന്നു എന്ന് സിനിമാ സംഘടനകളുടെ ഭാരവാഹികൾ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ആരുടെ ഭാഗത്താണ് ശരി എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും. ഈ കേസിൽ ഉണ്ണി മുകുന്ദൻ കോടതിയിൽ വിചാരണ നേരിടേണ്ടി വരും. അവിടെ സത്യം തെളിയും. കോടതിയിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. വിപിൻ കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ മർദനം നടന്നതായി തെളിവില്ലെന്നായിരുന്നു കണ്ടെത്തൽ. ഇൻഫോപാർക്ക് പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ ഉണ്ണിമുകുന്ദനെ ഇൻഫോപാർക്ക് പോലീസ് ചോദ്യം ചെയ്തിരുന്നു. നടന്റെ ഫ്ലാറ്റിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ ചോദ്യം ചെയ്യലിൽ ആവർത്തിച്ച് പറയുകയും ചെയ്തു.
കഴിഞ്ഞ മാസം 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്നാരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഫ്ലാറ്റിൽ വച്ച് മർദിച്ചു പരാതി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് ഇയാൾ പൊലിസിനെ സമീപിച്ചത്. കൂടാതെ അമ്മയ്ക്കും ഫെഫ്ക്കെയും വിപിൻ കുമാർ പരാതി നൽകിയിരുന്നു. പിന്നീട് സിനിമ സംഘടനകൾ പ്രശനം ഒത്തുതീർപ്പിലെത്തിക്കുകയും ചെയ്തിരുന്നു.
താൻ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ കണ്ണട നിലത്തെറിയുക മാത്രമാണ് ചെയ്തതെന്നും പരാതി വന്ന സമയത്ത് തന്നെ ഉണ്ണി വ്യക്തമാക്കിയിരുന്നു. കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു. തുടർന്ന്, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നായിരുന്നു പരാതി. താടിയിലാണ് ആദ്യം മർദിച്ചത്. കൈകൾ ചേർത്തുപിടിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി. പക്ഷേ ഉണ്ണി മുകുന്ദൻ പുറകെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചു. അതുവഴിവന്ന ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നേരത്തെ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്.