
ഒടിടി റിലീസിന് പിന്നാലെ രാം ഗോപാല വർമ്മയുടെ സംവിധാനത്തിലെത്തിയ “സാരി” സിനിമയെ വിമർശിച്ചും ട്രോളിയും മലയാളികൾ. രാം ഗോപാൽ വർമയുടെ മുൻകാല ചിത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. എങ്ങനെയെല്ലാം സിനിമകൾ ചെയ്തിരുന്ന ആളാണ് രാം ഗോപാൽ വർമയെന്നും ഇത്രയും മോശമാകുമെന്ന് കരുതിയില്ലെന്നുമാണ് ആരാധകർ പറയുന്നത്. രാത്, രാംഗീല, രക്ഷ, ഭൂത്, കോൻ ഒക്കെ കണ്ട് വണ്ടർ അടിച്ചു നിന്ന നമ്മളോട് ഇമ്മാതിരി ദ്രോഹം വേണ്ടായിരുന്നു എന്നാണ് മറ്റൊരു കമന്റ്. സമ്പൂർണ നിരാശ സമ്മാനിച്ച ചിത്രം എന്ന അഭ്പ്രായം പങ്കു വെക്കുന്നവരും ഉണ്ട്.
ജൂൺ 27ന് ആയിരുന്നു ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്ത സാരി ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. ലയൺസ്ഗേറ്റ് പ്ലേ എന്ന പ്ലാറ്റ് ഫോമിലൂടെ ആയിരുന്നു സ്ട്രീമിംഗ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായിരുന്നു സ്ട്രീമിംഗ്. ഒരു സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ് സാരി. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം ഈ വർഷം ഫെബ്രുവരി 8ന് തിയറ്ററുകളിൽ എത്തിയിരുന്നു. ചിത്രം തീയേറ്ററിൽ പരാജയമായിരുന്നു. തുടർന്ന് റിലീസ് ചെയ്ത് അഞ്ചാം മാസം ചിത്രം ഒടിടിയിലും എത്തി.
മലയാളിയായ ശ്രീലക്ഷ്മി സതീഷ് നായികയായി എത്തുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു സാരി. ഫോട്ടോ ഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് ശ്രീലക്ഷ്മി സതീഷ്. ഇവരുടെ ഫോട്ടോസ് ശ്രദ്ധയിൽപ്പെട്ട രാം ഗോപാൽ വർമ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു. പിന്നാലെ ശ്രീലക്ഷ്മി തന്റെ പേര് ആരാധ്യ ദേവി എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.