
“ഗെയിം ചെയിഞ്ചർ” എന്ന സിനിമ പരാജയപ്പെട്ടപ്പോൾ നടൻ രാം ചരണോ സംവിധായകൻ ഷങ്കറോ തങ്ങളെ ബന്ധപ്പെടുകയോ പിന്തുണ നൽകുകയോ ചെയ്തില്ലെന്ന് തുറന്നു പറഞ്ഞ് നിർമ്മാതാക്കളിലൊരാളായ സിരീഷ്. തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിരീഷ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.
“ഗെയിം ചെയ്ഞ്ചർ എന്ന ചിത്രം പരാജയപ്പെട്ടപ്പോൾ, നായകനും സംവിധായകനും ഞങ്ങളെ സഹായിച്ചില്ല. ഒന്ന് വിളിക്കുക പോലും ചെയ്തില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഞങ്ങൾ ഡിസ്ട്രിബ്യൂട്ടേഴ്സിനെ കൈ വിട്ടിട്ടില്ല. നടൻ രാം ചരണുമായുള്ള ബന്ധത്തിന് കുഴപ്പമൊന്നുമില്ല. ഞങ്ങൾ ഒരു തിരക്കഥയുമായി ചെന്നാൽ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാൽ അദ്ദേഹം സ്വീകരിക്കും. ഞങ്ങൾ ഇതുവരെ അദ്ദേഹത്തെ സമീപിച്ചിട്ടില്ല. സിനിമ പരാജയപ്പെട്ടതുകൊണ്ട് അദ്ദേഹവുമായുള്ള ബന്ധം ഞങ്ങൾക്ക് നഷ്ടപ്പെട്ടിട്ടില്ല. ഞങ്ങൾ അദ്ദേഹത്തെ സമീപിച്ചാൽ കാര്യങ്ങൾ ശരിയാവുമെന്ന് ഞങ്ങൾക്കറിയാം. സിരീഷ് പറഞ്ഞു.
‘ഗെയിം ചേഞ്ചർ’ കാരണം ഞങ്ങൾ എല്ലാം കഴിഞ്ഞു എന്ന് കരുതി. എന്നാൽ പിന്നാലെ റിലീസ് ചെയ്ത ‘സങ്ക്രാന്തികി വസ്തുന്നാം’ ഞങ്ങൾക്ക് പ്രതീക്ഷ നൽകി. അതും വിജയിച്ചില്ലായിരുന്നെങ്കിൽ ഞങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഊഹിച്ച് നോക്കൂ. തുകയൊന്നും വെളിപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞങ്ങൾക്ക് വലിയ നഷ്ടമുണ്ടായി. ‘സങ്ക്രാന്തികി വസ്തുന്നാം’ വഴി ഞങ്ങൾ ഏകദേശം 60-70 ശതമാനം തിരിച്ചുപിടിച്ചു. സിരീഷ് കൂട്ടി ചേർത്തു.
സിരീഷിനെ കൂടാതെ പ്രൊഡ്യൂസർ ദിൽ രാജുവും ‘ഗെയിം ചേഞ്ചറി’നെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. “ചിത്രത്തിന്റെ പരാജയം ഞാൻ ഏറ്റെടുക്കുകയാണ്. പക്ഷെ രാം ചരണിനെ പോലെയുള്ള ഒരു നടന് ഹിറ്റ് കൊടുക്കാൻ കഴിയാത്തതിൽ എനിക്ക് വിഷമം ഉണ്ട്. ദിൽ രാജു
പറഞ്ഞു.
നിതിൻ നായകനാവുന്ന തമ്മുടു എന്ന ചിത്രം സിരീഷും ദിൽ രാജുവും ചേർന്നാണ് നിർമിക്കുന്നത്. വേണു ശ്രീറാം സംവിധാനം ചെയ്യുന്ന ‘തമ്മുടു’വിൽ നിതിൻ, സപ്തമി ഗൗഡ, ലയ, വർഷ ബൊല്ലമ്മ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. സൗരഭ് സച്ച്ദേവ, സ്വാസിക, ഹരി തേജ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് സഹതാരങ്ങൾ. ചിത്രം ജൂലൈ 4-ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.