മോഹൻലാൽ–അനൂപ് മേനോൻ ചിത്രം അടുത്ത വർഷം; അപ്ഡേറ്റുകൾ നൽകി അനൂപ് മേനോൻ

','

' ); } ?>

അനൂപ് മേനോൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾ പുറത്തു വിട്ട് നടൻ അനൂപ് മേനോൻ. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും, ചിത്രത്തിലെ ഒരു നിര്‍ണായക രംഗം അടുത്ത വര്‍ഷമേ ഷൂട്ട് നടക്കുകയൊള്ളു എന്നുമാണ് താരം വ്യക്തമാക്കിയത്.

“ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്ത ദുര്‍ഗാ പൂജാ ആഘോഷത്തിനിടെ ഒരു നിര്‍ണായക രംഗം ഷൂട്ട് ചെയ്യാനുണ്ട്. അത് അടുത്ത വര്‍ഷമേ നടക്കൂ. 20 ദിവസത്തോളം ദുര്‍ഗാ പൂജയ്‍ക്കിടെ ഷൂട്ട് ചെയ്യാനുണ്ട്. ആക്ഷൻ ഫൈറ്റ് സീക്വൻസാണ് അത്. ബിഗ് ബജറ്റ് ചിത്രമാണ് ഇത്. പാട്ടുകളും ആക്ഷനും ഒക്കെ ചേര്‍ന്നത്. എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന മോഹൻലാല്‍ ചിത്രമായിരിക്കും ഒരുക്കുക.” അനൂപ് മേനോൻ പറഞ്ഞു.

നടൻ അനൂപ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. നേരത്തെ മോഹൻലാലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ തിരക്കഥയും അനൂപ് മേനോനാണ് എഴുതുന്നത്. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ഈ സിനിമ പ്രണയത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹൻലാൽ കുറിച്ചിരുന്നു. മികച്ച പിന്നണി പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥ തന്റെ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്നതാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തിരുന്നു.

ഹേഷാം അബ്‍ദുള്‍ വഹാബായിരിക്കും സംഗീത സംവിധായകൻ. മോഹൻലാലിന്റെ “പകല്‍ നക്ഷത്രങ്ങൾ” എന്ന ചിത്രത്തിന്റെ തിരക്കഥ അനൂപ് മേനോനാണ് എഴുതിയിരുന്നത്. അന്ന് വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന് നിരൂപക പ്രശംസകൾ ലഭിച്ചിരുന്നു.

മോഹൻലാലിന്റേതായി ഒടുവില്‍ റിലീസ് ചെയ്‍ത മലയാള ചിത്രം തുടരും ആണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയോളം ചിത്രം നേടിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബിലും ഇടംനേടിയിരുന്നു. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചത്. മോഹൻലാലിന്റേതായി ഛോട്ടാ മുംബൈ റീ റീലിസും ചെയ്‍തിരുന്നു. കേരള ബോക്സ് ഓഫീസില്‍ 3.80 കോടിയോളം നേടിയിരുന്നു. അൻവര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധാനം. വലിയ ഉത്സവപ്രതീതിയിലാണ് വീണ്ടുമെത്തിയപ്പോള്‍ മോഹൻലാല്‍ ചിത്രത്തെ ആരാധകര്‍ വരവേറ്റത്. മോഹൻലാൽ കാമിയോ റോളിൽ എത്തിയ തെലുങ്ക് ചിത്രം “കണ്ണപ്പ”ഇപ്പോഴും പ്രദർശനം തുടരുകയാണ്. സത്യൻ അന്തിക്കാടിനൊപ്പമുള്ള “ഹൃദയപൂർവ്വമാണ്” ഇനി റിലീസിനൊരുങ്ങുന്നു ചിത്രം.