
ഇത്തവണ ഓണത്തിന് കേരള ബോക്സ് ഓഫീസിൽ രണ്ട് ദുൽഖർ സിനിമകൾ ഒരുമിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ദുൽഖർ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം കാന്ത, കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദുൽഖർ നിർമിക്കുന്ന ലോക എന്നീ സിനിമകളാണ് സെപ്റ്റംബറിൽ റിലീസിനൊരുങ്ങുന്നത്. രണ്ട് സിനിമകളും ഓണത്തിനോട് അനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. എന്നാൽ സിനിമകളുടെ റിലീസിനെപ്പറ്റി ഇതുവരെ നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. അഭിനയിക്കുന്നതും നിർമിക്കുന്നതുമായി പല ഭാഷകളിൽ വമ്പൻ സിനിമകളാണ് വരാനിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമാണ് ലോക.
ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സെൽവമണി സെൽവരാജ് ആണ് കാന്ത കഥയെഴുതി സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്
ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്യുന്ന “ലോക” വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ഇത്. പ്രേക്ഷകർക്ക് വലിയ ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് പോസ്റ്റർ തരുന്നത്.
“കാന്ത” നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് . ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.