ഇന്നാണെങ്കില്‍ ‘ജാനകീ ജാനേ’ എന്ന പാട്ടുപോലും നിരോധിക്കേണ്ടിവന്നേനെ ; സെൻസർ ബോർഡിനെ പരിഹസിച്ച് തമ്പി ആന്റണി

','

' ); } ?>

സുരേഷ് ഗോപി ചിത്രം ജെ എസ് കെയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർബോർഡിന്റെ നിലപാടിനെ പരിഹസിച്ച് നടനും നിര്‍മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി. ഇന്നാണെങ്കില്‍ ജാനകീ ജാനേ’ എന്ന പാട്ടുപോലും നിരോധിക്കേണ്ടിവന്നേനെയെന്ന് അദ്ദേഹം പരിഹസിച്ചു.

സുരേഷ് ഗോപിയുടെ JSK: Janaki vs State of Kerala എന്ന സിനിമയോടനുബന്ധിച്ചുള്ള വിവാദം കണ്ടപ്പോള്‍ ജനകീ ജാനേ… എന്ന പ്രശസ്തമായ ഒരു പാട്ടാണ് ഓര്‍മ്മ വരുന്നത്. ഇന്നാണെങ്കില്‍ ആ പാട്ടുപോലും നിരോധിക്കേണ്ടി വരുമായിരുന്നു എന്നകാര്യത്തില്‍ സംശയമില്ല.

ജാനകി എന്ന പേരിലുള്ള ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്, പ്രകാശ് ബാരെയുംകൂടി നിര്‍മാണപങ്കാളിയായ ഈ സിനിമയുടെ സംവിധായകനും തിരകഥാകൃത്തും എം.ജി. ശശിയായിരുന്നു. ചെറിയകുട്ടിയായ നായിക, ജാനകിയെ ജാനു എന്നുമാത്രമേ ആ സിനിമയില്‍ എല്ലാവരും വിളിച്ചിട്ടുള്ളു. അതുകൊണ്ടാണോ സെന്‍സര്‍ ബോര്‍ഡ് വെറുതെ വിട്ടത് എന്നൊരു സംശയം ഇപ്പോള്‍ തോന്നാന്‍ കാരണം JSK എന്ന മൂവിയെ ചൊല്ലിയുള്ള വിവാദംതന്നെയാണ്. സുരേഷ് ഗോപിയുടെ JSK യില്‍ ജാനകി എന്ന് പതിനാലു പ്രാവശ്യം വിളിക്കുന്നുണ്ടുപോലും.

ആദ്യ സിനിമ മുതല്‍ ഇങ്ങനെ ദൈവങ്ങളുടെ പേരുകള്‍ ഉള്ള സിനിമകള്‍ക്കു കയ്യും കണക്കുമില്ല. ജനശ്രദ്ധ പിടിച്ചുപറ്റിയ രാവണപ്രഭുവിലെ നായിക ജാനകി ആയിരുന്നു. എല്ലാവരുടെയും പേരുകള്‍ ഏതെങ്കിലുമൊക്കെ ദൈവങ്ങളുടേതാണ്, ജാനകി സീതയാണ് അതുപോലേ എല്ലാ ദൈവങ്ങളുടെ പേരുകള്‍ക്കും ഒന്നിലധികം പര്യായങ്ങള്‍ ഉണ്ട്. അബ്രഹാം എന്നു പേരിട്ടാല്‍ മൂന്നു മതങ്ങളുമായിട്ടു ബന്ധപ്പെട്ടതാണ്. ഇതിനു മുന്‍പും പേരുകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരദ്ധ്യാപകന്‍ പേരെഴുതിയതിന്റെ പരിണതഫലം നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. മൃഗങ്ങളുടെ കാര്യത്തിലും സെന്‍സര്‍ ബോര്‍ഡ് ചിറ്റമ്മനയമാണ് കാണിക്കുന്നത്. ഏതു വളര്‍ത്തു മൃഗങ്ങളെയും കൊന്നു തിന്നാം, പക്ഷെ സിനിമയില്‍ കാണിച്ചാല്‍ നൂറുകൂട്ടം നൂലാമാലകളാണ്. ഇതൊക്കെ ഇന്ത്യയിലെ സിനിമകള്‍ക്കു മാത്രമേയുള്ളു എന്നതാണ് ഏറ്റവും വിചിത്രം.
വന്നുവന്നിപ്പോള്‍ സാക്ഷരകേരളം മതത്തിന്റയും സുംബാ ഡാന്‍സിന്റെയും പേരില്‍ നൂറ്റാണ്ടുകള്‍ പിറകോട്ടു പോവുകയാണ് എന്നാണിപ്പോള്‍ തോന്നുന്നത്.

കഴിഞ്ഞ ദിവസം ഹൈക്കോടതിയും സെൻസർബോർഡിന്റെ നിലപാടിനെ രൂക്ഷമായി ചോദ്യം ചെയ്തിരുന്നു. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്താണെന്നും, “ജാനകി” പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൂടാതെ സെൻസർ ബോർഡിന്റെ തീരുമാനത്തിന്റെ പകർപ്പ് തിങ്കളാഴ്‌ച ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ചിത്രത്തിൻ്റെ പെരെന്നും പതിനാറ് വയസിന് താഴെയുള്ള കുട്ടികൾക്ക് കാണുന്നതിന് വിലക്കുണ്ടെന്നുമായിരുന്നു സെൻസർ ബോർഡിൻ്റെ വാദം. അതേ സമയം ചിത്രത്തിൻ്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടിക്കെതിരെ പൂർണ പിന്തുണയുമായി ഫെഫ്‌കയും രംഗത്തെത്തിയിരുന്നു. ഇതേ പേരുള്ള സിനിമയുടെ, കഥാപാത്രത്തിന്റെ പേര് പറയുന്ന ട്രെയ്‌ലറും ടീസറും കേരളത്തിലെ തീയേറ്ററുകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി പ്രദർശിപ്പിക്കുന്നുണ്ട്. അതിനകത്ത് എന്തെങ്കിലും ഒരു കമ്മ്യൂണൽ ഡിസാർമണി ഉണ്ടായതായിട്ടോ, ഒരു ക്രമ സമാധാന പ്രശ്നമുണ്ടായതായിട്ടോ നമുക്കറിയില്ല. അപ്പം ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം. സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം. എത്രത്തോളം ആർബിറ്ററി ആണ് ഈ സംഗതി എന്ന് നിങ്ങൾ തന്നെ നോക്കൂ, എന്നാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് ചോദിച്ചത്.

റിവൈസിങ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് സംഘടനകൾ. ഇന്ന് തിരുവനന്തപുരത്ത് സിബിഎഫ്സി റീജിയണൽ ഓഫീസിന് മുന്നിലാണ് സമരപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെഫ്ക, നിർമാതാക്കളുടെ സംഘടന, അഭിനേതാക്കളുടെ സംഘടനയായ അമ്മ എന്നിവരുടെ പ്രാതിനിധ്യം സമരത്തിലുണ്ടാകുമെന്ന് ഫെഫ്‌ക അറിയിച്ചിട്ടുണ്ടായിരുന്നു.