‘ഞാൻ കണ്ടുവളർന്ന ഇതിഹാസ തുല്യനായ മനുഷ്യനോ, എനിക്കറിയാവുന്ന സുഹൃത്തോ’! ; മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടൻ സംഗീത് പ്രതാപ്

','

' ); } ?>

മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് യുവ നടൻ സംഗീത് പ്രതാപ്. ചിരിച്ചുകളിച്ച് നിൽക്കുന്ന മോഹൻലാലിനെയും സംഗീതിനെയുമാണ് ചിത്രങ്ങളില്‍ കാണാൻ സാധിക്കുന്നത്. താൻ കണ്ട് വളർന്ന ഇതിഹാസം തന്നെയാണോ ഇതെന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ടെന്നായിരുന്നു സംഗീത് പോസ്റ്റിന് ക്യാപ്ഷനിട്ടത്.

‘ഞാൻ കണ്ടുവളർന്ന ഇതിഹാസ തുല്യനായ മനുഷ്യൻ തന്നെയാണോ ഇതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ച് പോയിട്ടുണ്ട്. വർഷങ്ങളായിട്ട് എനിക്കറിയാവുന്ന സുഹൃത്തല്ലേ ഇതെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഫോട്ടോസാണ് ഇത്. എല്ലാ ആനന്ദ നിമിഷങ്ങൾക്കും നന്ദി ലാലേട്ടാ,’ സംഗീത് കുറിച്ചു.

ഈയിടെയായിരുന്നു മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പിനേഷൻ പഴയ മോഹന്‍ലാല്‍ – ശ്രീനിവാസൻ അല്ലെങ്കിൽ ജഗതി കോമ്പിനേഷൻ പോലെ തോന്നുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിലാണ് മോഹന്‍ലാലും സംഗീത് പ്രതാപും ഒന്നിച്ചെത്തുന്നത്. മോഹന്‍ലാലും സംഗീത് പ്രതാപും തമ്മിലുള്ള ഹ്യൂമർ മികച്ച രീതിയിൽ വർക്കായിട്ടുണ്ടെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. ഓണത്തിന് എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവമെന്നും സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. സംഗീതയും മാളവിക മോഹനുമാണ് ചിത്രത്തിലെ നായികമാർ.