
കഥാ മൂല്യം കൊണ്ടും മേക്കിങ് കൊണ്ടും മലയാള സിനിമ എന്നും മറ്റുള്ള ഭാഷകളിൽ നിന്നും വ്യത്യസ്തമാണ്. പരീക്ഷണാത്മക ചിത്രങ്ങൾ ചെയ്യാനും ഏറ്റെടുക്കാനും മലയാളികളൊരിക്കലും വിമുഖതകാണിച്ചിട്ടില്ല. 2025 ഉം അത്തരമൊരു സിനിമകൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ്.
വർഷം പകുതിയായി നിൽക്കുമ്പോൾ 119 ലേറെ സിനിമകളാണ് മലയാള സിനിമാലോകം പ്രേക്ഷകർക്ക് സമ്മാനിച്ചത്.
വാണിജ്യപരമായി വിജയിച്ചത് വിരലിലെണ്ണാവുന്ന സിനിമകളാണെങ്കിലും കഥാമൂല്യം കൊണ്ടും മേക്കിങ് കൊണ്ടും മറ്റു സിനിമകളും പ്രേക്ഷക പ്രീതി നേടിയിരുന്നു. എങ്കിലും വലിയ പ്രതീക്ഷയിൽ വന്ന് പ്രേക്ഷകരെ നിരാശരാക്കിയ പടങ്ങളും കുറവല്ല. ഇതുവരെ ഇറങ്ങിയ മലയാള സിനിമകളുടെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ടുകൾ എടുക്കുമ്പോൾ യഥാക്രമം “എമ്പുരാൻ, തുടരും, ആലപ്പുഴ ജിംഖാന, രേഖാചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി, നരിവേട്ട, പ്രിൻസ് ആൻഡ് ദി ഫാമിലി, ബസൂക്ക, മരണമാസ്സ്, പടക്കളം എന്നിങ്ങനെയാണ്. മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങളുടെ വരാനിരിക്കുന്ന ചിത്രങ്ങളും പ്രതീക്ഷ നൽകുന്ന ഒന്നാണ്.

ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ “എമ്പുരാനാണ്”. വലിയ ഹൈപ്പിൽ വന്ന പടം പ്രേക്ഷകരെ നിരാശരാക്കിയില്ല . മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തിയ സിനിമ തിയേറ്റർ പ്രദർശനങ്ങൾക്കൊടുവിൽ ഏപ്രില്‍ 24 ന് ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. സിനിമ 325 കോടിയുടെ ബിസിനസ് നേട്ടമായിരുന്നു കൈവരിച്ചത്. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. 144.8 കോടിയാണ് എമ്പുരാൻ വിദേശ മാർക്കറ്റുകളിൽ നിന്നും നേടിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിരുന്നു. പ്രേമലുവിന്റെ ആഗോള ലൈഫ് ടൈം കളക്ഷനാണ് വിദേശത്ത് നിന്ന് മാത്രം എമ്പുരാൻ മറികടന്നിരിക്കുന്നത്. ഇതോടെ വിദേശ മാർക്കറ്റിൽ നിന്നും 100 കോടിക്ക് മുകളിൽ നേടുന്ന ആദ്യ മലയാള സിനിമയായി എമ്പുരാൻ മാറി. ഇന്ത്യയില്‍ ഒടിടിയില്‍ ഏറ്റവും കാണികളെ നേടിയ അഞ്ച് സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എമ്പുരാനുമുണ്ട്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ ലിസ്റ്റിലാണ് എമ്പുരാന്റെ ഈ നേട്ടം. മഞ്ജു വാരിയർ, ടോവിനോ തോമസ്, പൃഥ്വിരാജ്, സാനിയ അയ്യപ്പൻ, നന്ദു, സായികുമാർ, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടാം സ്ഥാനത്ത് നിൽക്കുന്നതും മറ്റൊരു മോഹൻലാൽ ചിത്രമായ “തുടരുമാ”ണ്. തരുൺമൂർത്തിയുടെ സംവിധാനത്തിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രമായിരുന്നു ഇത്. രജപുത്ര വിശ്വാൽ മീഡിയ ബാനറിൽ വന്ന ചിത്രം വേൾഡ് വൈഡ് 235 കോടിക്ക് മുകളിലാണ് നേടിയിരിക്കുന്നത്. ടിക്കറ്റ് വിൽപ്പന തുടങ്ങി 17 ദിവസത്തിനുള്ളിൽ തുടർച്ചയായി 100 K യിൽ അധികം ടിക്കറ്റുകളാണ് തുടരും ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത്. കണക്കുകൾ പ്രകാരം 3.94 മില്യൺ ടിക്കറ്റുകളാണ് ചിത്രം വിറ്റഴിച്ചത്. കേരളാ ബോക്സ് ഓഫീസിലെ ടോപ് ഗ്രോസറായിരുന്നു ചിത്രം. കേരള ബോക്സ് ഓഫിസിൽ നിന്നുമാത്രം 100 കോടി ഗ്രോസ് നേടിയ ആദ്യ മലയാള ചിത്രം എന്ന നേട്ടം തുടരുമിന് സ്വന്തമാണ്.’2018′ എന്ന ചിത്രത്തിന്റെ ആഗോള റെക്കോർഡും ചിത്രം തകർത്തിട്ടുണ്ട്.

ഗുസ്തി പഠിക്കാൻ പോകുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രമാണ് “ആലപ്പുഴ ജിംഖാന”. 65 കൊടിയിലധികമാണ് ചിത്രം വേൾഡ് വൈഡ് നേടിയത്. വിഷു റിലീസായി തിയേറ്ററിലെത്തിയ ഖാലിദ് റഹ്മാൻ ചിത്രം ഏപ്രിൽ 10 നാണ് തീയേറ്ററിൽ എത്തിയത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ 20 മലയാളം സിനിമകളുടെ കൂട്ടത്തിൽ നസ്ലിൻ നായകനായ ആലപ്പുഴ ജിംഖാനയും ഇടംപിടിച്ചിട്ടുണ്ട്. ഈ ലിസ്റ്റിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ നസ്‌ലെൻ ചിത്രമാണ് ഇത്. 130 കോടി നേടിയ പ്രേമലു നിലവിൽ ലിസ്റ്റിൽ എട്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയിൽ നിന്ന് ആലപ്പുഴ ജിംഖാന 42.47 കോടി നേടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്.

ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച പോലീസ് വേഷം കൈകാര്യം ചെയ്ത ചിത്രമായിരുന്നു “രേഖ ചിത്രം”. സിനിമയ്ക്കുള്ളിലെ സിനിമയിലെ കഥ പറഞ്ഞ ചിത്രം പുതിയൊരു രീതിയാണ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത്. 57 കോടിക്ക് മുകളിലാണ് സിനിമയുടെ വേൾഡ് വൈഡ് കളക്ഷൻ. അനശ്വര രാജനാണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തത്. ചിത്രത്തിലെ അനശ്വരയുടെ പ്രകടനത്തിനും കയ്യടി കിട്ടിയിരുന്നു.

കുഞ്ചോക്കാ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു “ഓഫീസർ ഓൺ ഡ്യൂട്ടി”. ചിത്രം 55 കോടിക്ക് മുകളിൽ വേൾഡ് വൈഡ് കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രം 50 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. കുഞ്ചോക്ക ബോബൻ വീണ്ടും പോലീസ് വേഷത്തിൽ എത്തിയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. പ്രിയാമണിയായിരുന്നു ചിത്രത്തിലെ നായിക.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത കാലിക പ്രസക്തിയുള്ള ചിത്രമാണ് “നരിവേട്ട” ടോവിനോ തോമസ്, സൂരജ് തമിഴ് നടൻ ചേരൻ എന്നിവർ പ്രാധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വേൾഡ് വൈഡ് 29 കോടിക്ക് മുകളിലാണ് നേടിയത്. മെയ് 23 നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയിരുന്നത്. ചിത്രം റീ സെൻസറിങ്ങിലേക്കടക്കം പോയിരുന്നു. പുതിയ പതിപ്പാണ് നിലവിൽ ഇപ്പോൾ ഓടിട്ടിയിൽ ഉള്ളത്.

ദിലീപിന്റെ ഒരു കം ബാക് ചിത്രമായിരുന്നു പ്രിൻസ് ആൻഡ് ദി ഫാമിലി. 26 കോടിയിലധികം ചിത്രം വേൾഡ് വൈഡ് നേടിയിട്ടുണ്ട്. പുതുമുഖ നായികാ റാണിയ ആയിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.

പ്രശസത എഴുത്തുകാരൻ കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രമാണ് “ബസൂക്ക”. ഇതുവരെ കാണാത്ത ലുക്കിൽ മമ്മൂട്ടി നായകനായെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം 23 കൊടിയിലധികമാണ് നേടിയത്. ചിത്രം ഇതുവരെ ഓടിട്ടിയിൽ ഇറങ്ങിയിട്ടില്ല.സിനിമയ്ക്ക് 1.50 കോടിയാണ് കേരളത്തില്‍ നിന്നും അഡ്വാന്‍സ് ബുക്കിംഗിലൂടെ കളക്ഷൻ ലഭിച്ചത്. രണ്ടാം ദിവസം ബസൂക്ക 2.1 കോടി നേടിയപ്പോൾ മൂന്നാം ദിനത്തിൽ കളക്ഷൻ കുറഞ്ഞിരുന്നു. മൂന്നാം ദിവസം 1.85 കോടി രൂപ മാത്രമാണ് ബസൂക്കയ്ക്ക് നേടാൻ സാധിച്ചത്.

ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ബാനറിൽ നവാഗതനായ ശിവപ്രസാദ് ഒരുക്കിയ “മരണമാസ്സ് ” പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യത്തെ ഡാർക്ക് ഹ്യൂമർ കോമഡി ചിത്രം കൂടിയായിരുന്നു ഇത്. ബേസിൽ ജോസഫ് ആയിരുന്നു ചിത്രത്തിലെ നായകൻ. 19 കൊടിയിലധികമാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ. ഓടിട്ടിയിലും ചിത്രത്തിന് വളരെ നല്ല പ്രതികരണമായിരുന്നു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് “പടക്കളം”. സുരാജ്, ശറഫുദ്ധീൻ, സന്ദീപ്, തുടങ്ങിയവർ മുഖ്യ വേഷത്തിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയത്. മലയാളത്തിൽ ഇന്ന് വരെ പരീക്ഷിക്കാത്ത പ്ലോട്ടിനെ വളരെ മികച്ച രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 17 കോടിയിലധികം ചിത്രം വേൾഡ് വൈഡ് നേടിയിട്ടുണ്ട്.
തീയേറ്ററിൽ വൻ വിജയമായില്ലെങ്കിലും പ്രേക്ഷകർ ഒരുപോലെ സ്വീകരിക്കുകയും കയ്യടിക്കുകയും ചെയ്ത സിനിമകളും ഉണ്ട്. വിജയ രാഘവൻ കേന്ദ്ര കഥാ പാത്രമായെത്തിയ “ഔസേപ്പിന്റെ ഒസ്യത്ത്”, ബേസിൽ ലിജോ മോൾ കോമ്പിനേഷനിൽ എത്തിയ “പൊന്മാൻ”, അർജുൻ അശോകൻ, മാത്യു എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബ്രോമാൻസ്, മമ്മൂട്ടിയുടെ “ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്”, ഒരു ജാതി ജാതകം, അഭിലാഷം എന്നിവ അതിൽ പെട്ടതാണ്.
അതുപോലെ തന്നെ ഒരുപാട് ഹൈപ്പിൽ വന്ന് തീയേറ്ററിൽ വേണ്ടത്ര വിജയം നേടാത്ത ചിത്രങ്ങളും ഉണ്ട്. മാർക്കോക്ക് ശേഷം ഉണ്ണിമുകുന്ദൻ നായകനായെത്തിയ ചിത്രമായിരുന്നു “ഗെറ്റ് സെറ്റ് ബേബി”. മാർക്കോയുടെ ആവേശം ഒട്ടും ചോരാതെ നിൽക്കുന്ന സമയമായത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള വിജയം ചിത്രം പ്രതീക്ഷിച്ചിരുന്നു. 1 . 37 കോടിയാണ് ചിത്രം ആദ്യ മൂന്ന് ദിനം കൊണ്ട് നേടിയിരുന്നത്. ആവറേജ് സക്സ്സസ്സ് മാത്രമാണ് ചിത്രത്തിന് ബോക്സ് ഓഫീസിൽ നേടാനായത്. തൃഷയുടെ രണ്ടാമത്തെ മലയാളം ചിത്രം, ടൊവിനോ തോമസ് നായകനായെത്തിയ “ഐഡന്റിറ്റി”യും ബോക്സ് ഓഫീസിൽ ഫ്ലോപ്പ് ആയിരുന്നു. 18 കോടിയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ. മമ്മൂട്ടിയും തമിഴ് നടൻ ഗൗതം വാസുദേവ് മേനോനും ഒരുമിച്ചെത്തിയ ചിത്രമാണ് “ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് “. ഒരു മമ്മൂട്ടി ചിത്രത്തിന് കിട്ടാവുന്ന എല്ലാ പ്രതീക്ഷകളും ഹൈപ്പും ചിത്രം നേടിയിരുന്നു. ചിത്രവും ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. 20.3 കോടിയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ. ആന്റണി വർഗീസ് പ്രധാന കഥാപാത്രമായെത്തിയ വൻ ഹൈപ്പിൽ വന്നൊരു ചിത്രമായിരുന്നു “ദാവീദ്”. ബോക്സിങ്ങിനു പ്രാധാന്യം കൊടുത്ത് പുറത്തിറങ്ങിയ ചിത്രവും തീയേറ്ററിൽ പരാജയമായിരുന്നു. 5 കോടി ബഡ്ജറ്റിൽ വന്ന ചിത്രം ആഗോള തലത്തിൽ 5 . 22 കോടിയാണ് നേടിയത്.
സുമതി വളവ്, ഒറ്റക്കൊമ്പൻ, ഗന്ധർവ്വൻ, ജാനകി vs സ്റ്റേറ്റ് ഓഫ് കേരള, നോബോഡി, വിലായത്ത് ബുദ്ധ, മമ്മൂട്ടി മോഹൻലാൽ ചിത്രം, ഹൃദയപൂർവം, എന്നിവയൊക്കെയും പ്രതീക്ഷ തരുന്ന വരാനിരിക്കുന്ന ചിത്രങ്ങളാണ്. ഇനിയും ഒരു പിടി മികച്ച സിനിമകൾക്കായി മലയാളം സിനിമാ ലോകവും പ്രേക്ഷകരും കാത്തിരിക്കുകയാണ്.