
തന്നെ വിശ്വസിച്ച പ്രഡ്യൂസറിനും മറ്റ് അണിയറപ്രവർത്തകർക്കും വേണ്ടി കോടതി വിധി അനുകൂലമാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് തുറന്നു പറഞ്ഞ് ജെ എസ് കെ യുടെ സംവിധായകൻ പ്രവീൺ നാരായണൻ. റിപ്പോർട്ടർ ചാനലിലെ ഡിബേറ്റ് വിത്ത് അരുൺ കുമാർ എന്ന ഷോയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ദിവസം കേരളത്തും പുറത്തുമടക്കം ഏകദേശം 400 തിയേറ്ററിൽ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ജെഎസ്‌കെ. ഇന്നലെ വരെ എന്റെയും പ്രൊഡ്യൂസറിന്റെയും മാത്രം അവകാശങ്ങളിൽ നിന്ന സിനിമ ഇന്ന് കോടതിയുടെ കയ്യിലാണ്. ഈ സിനിമയിൽ പറയുന്ന ഒരു കാര്യമുണ്ട്. ടീസർ കണ്ടവർക്കറിയാം, തെളിവുകൾ ജയിക്കുന്ന സ്ഥലമാണ് കോടതി. കോടതിയിലാണിപ്പോൽ ഈ സിനിമ. അപ്പോൾ തീർച്ചയായിട്ടും ഒരു അനുകൂലമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രവീൺ പറഞ്ഞു
കാലകാരൻ എന്നതിലുപരിയായിട്ട് എന്നെ വിശ്വസിച്ച് പണം മുടക്കിയ ഒരു പ്രൊഡ്യൂസറുണ്ട് ഈ ചിത്രത്തിന്. എന്റെ കഥ കേട്ട് ആ ഒരു ആശയത്തോട് വിശ്വാസം അർപ്പിച്ച് അദ്ദേഹത്തിന്റെ സമ്പാദ്യം ഇറക്കിയ മനുഷ്യൻ. അതുപോലെ കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഇന്നത്തെ ദിവസം അറിയപ്പെടേണ്ടിയിരുന്ന കലാകാരൻമാർ അല്ലെങ്കിൽ ടെക്‌നിക്കൽ സൈഡിൽ ഉളളവരുണ്ട്. ഇവരുടെയെല്ലാം സ്വപ്‌നമാണ് ഈ സിനിമയെന്ന് പറഞ്ഞാൽ. തീർച്ചയായും ഇവർക്കെല്ലാം വേണ്ടി ഒരു അനുകൂലമായുള്ള വിധി വരുമെന്നാണ് വിശ്വസിക്കുന്നത്,’ പ്രവീൺ നാരായൺ കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടിക്കെതി വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. റിവൈസിങ് കമ്മിറ്റിയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ചിത്രത്തിന്റെ നേരത്തെ നിശ്ചയിച്ചിരുന്ന ജൂൺ 27 ലെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധവുമായി സിനിമാ സംഘടനകൾ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിലെ ജാനകി എന്ന പേര് സീതയുടെ മറ്റൊരു നാമമാണെന്നും കഥാപാത്രത്തിനും സിനിമയ്ക്കും ആ പേര് നൽകുന്നത് ഉചിതമായ നടപടിയായിരിക്കില്ലെന്നുമാണ് സെൻസർ ബോർഡിന്റെ നിലപാട്. തിങ്കളാഴ്ച തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നാണ് വിവിധ സിനിമാ സംഘടനകൾ അറിയിച്ചിരിക്കുന്നത്. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കും.