
അമ്മയുടെ മീറ്റിങിനിടെ നടൻ മോഹൻലാലും ബൈജു സന്തോഷും തർക്കമുണ്ടായെന്ന വാർത്തകളിൽ പ്രതികരിച്ച് നടൻ ബൈജു സന്തോഷ്.
വാർത്ത തെറ്റാണെന്നും പ്രസംഗം ഓൺലൈൻ മീഡിയാസ് വളച്ചൊടിച്ചതാണെന്നും ബൈജു പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘‘സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വാർത്തകൾ ശ്രദ്ധയിൽപെട്ടു. സത്യമറിയാതെ എന്തിനാണ് ചിലർ ഇതിങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വാസ്തവം അതൊന്നുമല്ല. ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങിനു മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ പങ്കെടുക്കുന്നത്. മീറ്റിങിനു കുറച്ചു വൈകിയാണ് എത്തിയതും. ഞാൻ എത്തിയപ്പോഴേക്കും മോഹൻലാൽ പ്രസംഗിച്ചു കഴിഞ്ഞിരുന്നു. ഇപ്പോഴുള്ള കമ്മറ്റിയും പ്രസിഡന്റ് മോഹൻലാലും സ്ഥാനം ഒഴിയുകയാണെന്നും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുകയാണെന്നും തീരുമാനിച്ചിരുന്നു. ഞാൻ പ്രസംഗിക്കാൻ കയറിയപ്പോൾ ഇതൊന്നും അറിഞ്ഞിരുന്നില്ല. വാസ്തവം അറിയാതെ ഞാനെന്റെ അഭിപ്രായം പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറഞ്ഞതാണ്, അല്ലാതെ ഞങ്ങൾ തമ്മിൽ വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. ഇത് ‘അമ്മ’ എന്ന സംഘടനയിലെ രണ്ട് അംഗങ്ങൾ തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണമാണ്. അങ്ങനെ ഞങ്ങൾ എല്ലാവരും എന്തെല്ലാം സംസാരിക്കുന്നു.
ഒരു സംഘടനയുടെ ജനറൽബോഡിയിൽ സംസാരിച്ച കാര്യങ്ങൾ എങ്ങനെയാണ് പുറത്തുപോകുന്നത്? അത് എനിക്ക് മനസ്സിലാകുന്നില്ല. ഇങ്ങനെയാണെങ്കിൽ ആർക്കും ഒന്നും മിണ്ടാൻ പറ്റില്ലല്ലോ. ആരാണ് അങ്ങനെ പ്രചരിപ്പിച്ചതെന്ന് എനിക്കറിയില്ല. എന്തായാലും ഇത്തരത്തിൽ ഞങ്ങൾ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്ന് പ്രചരിപ്പിക്കേണ്ട ഒരു കാര്യവും അവിടെ നടന്നിട്ടില്ല.’’– ബൈജു സന്തോഷ് പറഞ്ഞു.