മയക്കുമരുന്ന് കേസ് നടൻ കൃഷ്ണ ഒളിവിൽ; അന്വേഷണം മലയാള സിനിമയിലേക്ക്

','

' ); } ?>

മയക്കുമരുന്നു കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിലായ സംഭവത്തിൽ കേരളം ഉൾപ്പെടെ അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ്. ശ്രീകാന്തിനു പിന്നാലെ കൊക്കെയ്ൻ പങ്കിട്ടുവെന്നു പറയുന്ന ‘ഈഗിൾ’ എന്ന സിനിമയിൽ അഭിനയിച്ച നടൻ കൃഷ്ണ ഒളിവിലാണ്. കൃഷ്ണ കേരളത്തിലുണ്ടെന്നാണ് സംശയിക്കുന്നത്. കേരളത്തിൽ കൃഷ്ണയുമായി അടുപ്പമുള്ളവരെക്കൂടി പോലീസ് കണ്ടെത്തും.മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്നവരുമായി കൃഷ്ണയ്ക്കു ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

കൃഷ്ണയെ അറസ്റ്റുചെയ്താൽ സിനിമാരംഗത്തെ ലഹരി ഉപയോഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസിന്റെ നിഗമനം. ചെന്നൈയിൽ ചലച്ചിത്രമേളകളിലും സ്വകാര്യചടങ്ങുകളിലും മറ്റും വ്യാപകമായി കൊക്കെയ്ൻ ഉപയോഗിച്ചതായി പോലീസിന് കഴിഞ്ഞ ദിവസം തെളിവുകൾ ലഭിച്ചിരുന്നു. തമിഴ് സിനിമയിലെ പലനടന്മാരും നടികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം.

തുടക്കത്തിൽ ചെന്നൈ കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണം ഇനി കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കുംവരെ നീളാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം അടുത്തഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നുമാണ് പോലീസ് പറയുന്നത്.

ശ്രീകാന്തിനെ ജൂലായ് ഏഴുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. 43 തവണയായി അഞ്ചുലക്ഷം രൂപയ്ക്ക് ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് പോലീസിനു ലഭിച്ച വിവരം. സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടു വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

പലതാരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായും കണ്ടെത്തിയിരുന്നു. കൊക്കെയ്ൻ കൈവശംവെച്ചതിന് പ്രദീപ്, ഘാന സ്വദേശി ജോൺ എന്നിവർ പിടിയിലായതിനുപിന്നാലെയാണ് അന്വേഷണം ശ്രീകാന്തിലേക്കെത്തുന്നത്. അറസ്റ്റിലായ അണ്ണാ ഡിഎംകെ മുൻ അംഗം പ്രസാദാണ് ശ്രീകാന്തിന്റെ പേരു വെളിപ്പെടുത്തുന്നത്. പ്രസാദ് നിർമിച്ച സിനിമയിൽ ശ്രീകാന്ത് അഭിനയിച്ചിരുന്നു. ഈ സമയത്താണ് കൊക്കെയ്ൻ ഉപയോഗം തുടങ്ങിയത്. രക്തപരിേശാധനയിൽ ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാണ് അറസ്റ്റ്.