
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ശ്രീകാന്ത് 43 തവണയായി അഞ്ച് ലക്ഷം രൂപയ്ക്ക് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.
കൊക്കെയിൻ വാങ്ങിയതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാട് വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ജൂലായ് ഏഴ് വരെ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
ശ്രീകാന്ത് ഹൈക്കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. നാലു വകുപ്പുകൾ പ്രകാരമാണ് നടന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. പല താരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായി വിവരമുണ്ട്. അതിനാൽ ശ്രീകാന്തുമായി അടുപ്പമുള്ള നടൻ കൃഷ്ണ ഉൾപ്പെടെയുള്ള മറ്റ് താരങ്ങളെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
‘തീങ്കരൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രീകാന്തിന് കൊക്കെയ്ൻ ആവശ്യമായിരുന്നതായും അത് 12,000 രൂപയ്ക്ക് വിറ്റതായും അറസ്റ്റിലായ പ്രശാന്ത് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ചെന്നൈയിലെ ക്ലബ്ബുകളിലും പാർട്ടികളിലും ശ്രീകാന്തും നടൻ കൃഷ്ണയും കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായും പ്രശാന്ത് പോലീസിനോട് പറഞ്ഞു. ഇതേത്തുടർന്ന്, നടൻ കൃഷ്ണയുടെ പങ്കിനെക്കുറിച്ചും പോലീസ് ഊർജിത അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസമാണ് ലഹരിക്കേസില്‍ തമിഴ് നടൻ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കൊക്കെയ്ൻ കൈവശം വച്ചതിന് തൗസൻഡ് ലൈറ്റ്സ് പോലീസ് അറസ്റ്റ് ചെയ്ത ഒരു മയക്കുമരുന്ന് കടത്തുകാരനെ നടന് പരിചയപ്പെടുത്തിയത് പ്രസാദ് ആണെന്ന് റിപ്പോർട്ടുണ്ട്.