
സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ ‘ജെഎസ്കെ- യുടെ റിലീസ് തടഞ്ഞ വിഷയത്തിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ആറ് ദിവസം പിന്നിട്ടിട്ടും നിലപാടറിയിക്കാതെ സിബിഎഫ്സി തുടരുന്നതിനെതിരെയാണ് അണിയറപ്രവർത്തകർ ഹർജി നൽകുക.
ചിത്രം പുറത്തിറക്കാനായി സെൻസറിംഗ് സർട്ടിഫിക്കറ്റോ ഷോക്കോസോ സിബിഎഫ്സി നൽകുന്നില്ല. ഈ മാസം 18 നായിരുന്നു സിനിമയുടെ സെൻസറിങ് പൂർത്തിയായത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് സിബിഎഫ്സിയുടെ നിർദ്ദേശം. അതേസമയം, പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ ആണ് നിർമ്മാതാക്കൾ. ഇതോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകില്ലെന്ന തീരുമാനത്തിലെത്തിയത്.
ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ നേരത്തെ പൂർത്തിയായിരുന്നു. U/A 13+ റേറ്റിങ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന് ഒരു കട്ട്സ് പോലുമില്ലാതെ മികച്ച അഭിപ്രായമാണ് സെൻസർ ബോർഡ് നൽകിയത്. ജൂൺ 27 നാണു സിനിമയുടെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. അതേ സമയം സിനിമയുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും, ഡി വൈ എഫ് ഐയും രംഗത്തെത്തിയിരുന്നു. സെന്‍സര്‍ബോര്‍ഡിന്റെ നടപടി ന്യായമാണോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി പ്രതിഷേധാർഹവും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്നും ഡി വൈ എഫ് ഐ പറഞ്ഞു.
‘സിനിമയുടെ പേരില്‍ നിന്നുമാത്രമല്ല കഥാപാത്രത്തിന്റെ പേര് തന്നെ മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. വാക്കാലുള്ള നിര്‍ദേശമാണ്. രേഖാമൂലം നല്‍കിയാല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നത് സെന്‍സര്‍ബോര്‍ഡിന് അറിയാം. സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനാണ് തീരുമാനം എടുത്തത്. സമീപകാലത്ത് വേറെയും ഇത്തരത്തിലുള്ള തീരുമാനം അദ്ദേഹം എടുത്തിട്ടുണ്ട്’, ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
“കലാസംസ്കാരിക മേഖലയിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള നഗ്നമായ കടന്നു കയറ്റമാണ് സെൻസർ ബോർഡ് നടത്തിയിട്ടുള്ളത്. ഈ സിനിമയിൽ അഭിനയിച്ചിട്ടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തിൽ അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഒരു കഥാപാത്രത്തിന്റെ പേര് പോലും ഉപയോഗിച്ച് തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപര്യം കുത്തിക്കയറ്റി ഇല്ലാത്ത വിഷയങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുവാൻ വേണ്ടിയുള്ള ശ്രമമാണ് സെൻസർ ബോർഡിലെ സംഘപരിവാർ നോമിനികൾ ശ്രമിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സെൻസർ ബോർഡിൻ്റെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.” ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.