‘ജെഎസ്‌കെ- ‘യുടെ റിലീസ് അനുമതി നിഷേധിച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം ; പ്രതിഷേധിച്ച് ഡി വൈ എഫ് ഐ

','

' ); } ?>

‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ രംഗത്ത്. ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി പ്രതിഷേധാർഹവും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ഡി വൈ എഫ് ഐ പറഞ്ഞു. വിഷയത്തിൽ സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന, കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

“കലാസംസ്കാരിക മേഖലയിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള നഗ്നമായ കടന്നു കയറ്റമാണ് സെൻസർ ബോർഡ് നടത്തിയിട്ടുള്ളത്. ഈ സിനിമയിൽ അഭിനയിച്ചിട്ടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തിൽ അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഒരു കഥാപാത്രത്തിന്റെ പേര് പോലും ഉപയോഗിച്ച് തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപര്യം കുത്തിക്കയറ്റി ഇല്ലാത്ത വിഷയങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുവാൻ വേണ്ടിയുള്ള ശ്രമമാണ് സെൻസർ ബോർഡിലെ സംഘപരിവാർ നോമിനികൾ ശ്രമിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സെൻസർ ബോർഡിൻ്റെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.” ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രമാണ്
‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ സിനിമയിലെ കഥാപാത്രമായ ‘ജാനകി’ എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേരിൽ നിന്നും മാറ്റണമെന്ന ആവശ്യം മുൻനിർത്തിയാണ് സിനിമയുടെ റിലീസ് സെൻസർ ബോർഡ് തടഞ്ഞിരിക്കുന്നത്. ജൂൺ 27-ന് ആഗോള റിലീസായി എത്താനിരിക്കെയാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. ജാനകി എന്ന പേര് പുരാണത്തിലെ സീതയുടെ പേരാണെന്ന കാര്യം പറഞ്ഞാണ് ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്.

അതേസമയം, സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ പ്രതിഷേധിച്ച് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസമാണെന്നും ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് ജെഎസ്‌കെയെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും എത്തി. ജാനകിയെന്നത് സീതയുടെ മറ്റൊരു പേര് ആയതിനാലാണ് കഥാപാത്രത്തിന്റെ പേരുള്‍പ്പെടെ സിനിമയുടെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ന്യായമാണോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.