
നടൻ ജഗദീഷ് കുഴപ്പം പിടിച്ച സ്ക്രിപ്റ്റിൽ പോയി പെടാറുണ്ടെന്നും, ഒടുവിൽ ആ സിനിമ പരാജയപ്പെടുമെന്ന് ഉറപ്പാകുമ്പോൾ രക്ഷിച്ചെടുക്കാന്‍ ചെയ്യുന്ന ശ്രമങ്ങളെ താൻ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ലാൽ. സിനിമ ഷൂട്ടിങ്ങിനിടെ താരങ്ങൾ നിർദേശങ്ങൾ നൽകുന്നത് പതിവാണെന്നും എന്നാൽ ഒരുപാട് ബുദ്ധിമുട്ടിക്കാറില്ലെന്നും ലാൽ കൂട്ടിച്ചേര്‍ത്തു. കേരള ക്രൈം ഫയൽസ് സീസൺ ടുവിന്റെ പ്രൊമോഷന്റെ ഭാഗമായി ജിയോ ഹോട്ട് സ്റ്റാർ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ലാൽ മനസ് തുറന്നത്.
”സജഷൻസ് ഒക്കെ നൽകാറുണ്ട്. പുതിയ പിള്ളേരാണെങ്കിലും കഴിയുന്നതും സംവിധായകരെ സാറേ എന്നാണ് വിളിക്കാറുള്ളത്. ചിലപ്പോഴൊക്കെ ക്ലോസാകുമ്പോഴാണ് പേര് വിളിക്കുന്നത്. അവർ പറയുന്നത് അനുസരിക്കുക എന്നതാണ് ശീലം. എങ്കിലും ചിലപ്പോഴൊക്കെ അഭിപ്രായങ്ങൾ പറയേണ്ടി വരും. ഷൂട്ടിങ്ങിന് മുമ്പായി ഈ ഡയലോഗ് ഇങ്ങനെ പറഞ്ഞാൽ പോരേ, ആ ഭാഗം ഒഴിവാക്കിക്കൂടേ എന്നൊക്കെ ചോദിക്കും. അവർ ശരിയാണ് വേണ്ട എന്ന് പറഞ്ഞാലും ഒന്നുകൂടെ ആലോചിക്കാൻ പറയും.
കാരണം അവസാനം തിരക്കഥ തിരുത്തുന്നയാൾ, തല്ലിപ്പൊളിയാക്കുന്നയാൾ എന്നൊക്കെ പറയും. നമ്മുടെ ജഗദീഷിന് മുമ്പ് അങ്ങനെയൊരു ചീത്തപ്പേരുണ്ടായിരുന്നു. ജഗദീഷ് വന്ന് തിരക്കഥയിൽ കൈ കടത്തി നശിപ്പിക്കുമെന്ന്. അത് സംഭവം എന്താണെന്ന് വച്ചാൽ, കുഴപ്പം പിടിച്ച തിരക്കഥയുള്ള സിനിമയിൽ പോയി വീഴും. അത് ഹിറ്റാകില്ലെന്ന് ഉറപ്പാണ്. പൊട്ടുമെന്നാകും അവസ്ഥ. അതിനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാൻ അതിനകത്ത് കുത്തിക്കുറിക്കുന്നതാണ്. അല്ലാതൊന്നുമില്ല. നമ്മുടെ പടത്തിലൊന്നും വന്നിട്ട് ഇടപെടാറില്ല,’ ലാൽ പറഞ്ഞു.
അതേസമയം, മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയൽസ് എന്ന സീരീസിന്റെ രണ്ടാം സീസൺ റിലീസായിരിക്കുകയാണ്. ജൂൺ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസൺ 2 സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗവും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്.