
ഗായിക കെനീഷ ഫ്രാൻസിസിന്റെ പുതിയ മ്യൂസിക് വീഡിയോയിൽ കാമിയോ റോളിലെത്തി നടൻ രവി മോഹൻ. അൻട്രും ഇൻട്രും (അന്നും ഇന്നും) എന്ന് പേരുള്ള സംഗീത വീഡിയോ പ്രണയബന്ധത്തെക്കുറിച്ചാണ് പറയുന്നത്.
“ഞങ്ങളിൽ നിന്ന് നിങ്ങളിലേക്ക്. ലോകമേ ഇത് കാണുക” എന്നാണ് ഗാനത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് രവി മോഹൻ സോഷ്യൽ മീഡിയിൽ കുറിച്ചത്. പോസ്റ്റിൽ കെനീഷയെ മെൻഷൻ ചെയ്തിട്ടുമുണ്ട്. കെനീഷതന്നെയാണ് ഗാനം ഈണമിട്ടതും പാടിയതും. കെനീഷയും മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്.ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ആദേശ് ആണ്. തേജോ ഭരദ്വാജ് സംവിധാനം ചെയ്ത ഈ മ്യൂസിക് വീഡിയോ യാൻചൻ ആണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടുദിവസം മുൻപിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഭാര്യയുമായി വേർപിരിയുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം കെനീഷയുമായുള്ള ഗോസിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. പൊതു വേദികളിലും പരിപാടികളിലും ഇരുവരും ഒരുമിച്ചെത്തിയതോടെ രവിമോഹന്റെ വിവാഹ ബന്ധം തകരാനുള്ള കാരണം കെനീഷയാണെന്നും ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ അത്തരം ബന്ധങ്ങളൊന്നുമില്ലെന്ന് തുറന്നു പറഞ്ഞ് കെനീഷ തന്നെ രംഗത്ത് വരികയുണ്ടായി. വാർത്തകളുടെ ചൂടാറും മുന്നെയാണ് ഇരുവരും ഒരുമിച്ചെത്തുന്ന ഗാനം റിലീസ് ചെയ്തിരിക്കുന്നത്.