
രജനികാന്ത്–ലോകേഷ് കനകരാജ് ചിത്രം കൂലിയിൽ ഓരോ കഥാപാത്രങ്ങൾക്കും ലോകേഷ് നൽകുന്ന പ്രാധന്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുന അക്കിനേനി. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
വിക്രം, ലിയോ തുടങ്ങിയ സിനിമകളിലുള്ള ലോകേഷ് കഥാപാത്രങ്ങൾ ഗംഭീരമാണ്. വിക്രമിലെ ഫഹദിന്റെ കഥാപാത്രവും വിജയ് സേതുപതിയുടെ വേഷവും ഏജന്റ് ടിന തുടങ്ങിയ കഥാപാത്രങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഇനി കൂലി സിനിമയിൽ രജനീകാന്ത് സാറിന്റെ കഥാപാത്രത്തെ മാറ്റിനിർത്തിയാൽ, ഉപേന്ദ്ര, ആമിർഖാൻ, ഞാൻ ചെയ്യുന്ന വേഷം, ഇതെല്ലാം വേറിട്ട് നിൽക്കും. എല്ലാവരുടെയും വേഷത്തിന് പ്രാധാന്യം ഉണ്ട്. അതാണ് ആ സിനിമയുടെ പ്ലസ് പോയിന്റുകളിൽ ഒന്ന്,’ നാഗാർജുന പറഞ്ഞു.
രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കൂലി’. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കൂലി ഒരുങ്ങുന്നത്. ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താൻ വലിയ രജനികാന്ത് ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമയായതിനാൽ കഥ പോലും കേൾക്കാതെയാണ് സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും ആമിർ അടുത്തിടെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം 80 കോടിക്ക് വിറ്റുപോയെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാകും ഇത്. അതേസമയം, സിനിമയുടെ തെലുങ്ക് റൈറ്റ്സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.