
രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം കൂലിയിലെ വേഷം സ്ഥിരീകരിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. താൻ വലിയ രജനികാന്ത് ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമയതിനാൽ കഥ പോലും കേൾക്കാതെയാണ് സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും ആമിർ വ്യക്തമാക്കി. കൂലിയിൽ കാമിയോ റോളിലാണ് എത്തുന്നതെന്നും താരം വ്യക്തമാക്കി. സൂമിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
‘അതേ, ഞാൻ ലോകേഷിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. അതിനൊപ്പം കൂലിയിൽ ഒരു കാമിയോയും ചെയ്യുന്നുണ്ട്. അത് ഏറെ സന്തോഷത്തോടെയാണ് ചെയ്യുന്നത്. രജനി സാറിന്റെ വലിയ ആരാധകനാണ് ഞാൻ… വലിയ ഫാൻ. ഞാൻ കഥ പോലും കേട്ടില്ല. രജനി സാറിന്റെ സിനിമയാണ് എന്ന് ലോകേഷ് പറഞ്ഞപ്പോൾ ഓക്കേ പറഞ്ഞു,’ എന്ന് ആമിർ ഖാൻ വ്യക്തമാക്കി.
കൂലി ആഗസ്റ്റ് 14 നാണ് തിയേറ്ററുകളിലെത്തുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.
കൂലിക്ക് പുറമെ മറ്റൊരു സിനിമയ്ക്കും ആമിർ ഖാൻ ലോകേഷിന് കൈ കൊടുത്തിട്ടുണ്ട്. കൈതി 2 എന്ന സിനിമയുടെ വർക്കുകൾ തീരുന്നതിന് പിന്നാലെ അടുത്ത വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ആമിർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൂപ്പർഹീറോ ചിത്രമായിരിക്കും ഇത് എന്നാണ് സൂചന.