റീ റിലീസിൽ മോഹൻലാൽ ചിത്രങ്ങൾ വാരികൂട്ടിയതെത്ര? ; കണക്കുകൾ പുറത്ത്

','

' ); } ?>

മോഹൻലാൽ-അൻവർ റഷീദ് ചിത്രം “ഛോട്ടാ മുംബൈ”യുടെ റീ റിലീസിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ജൂൺ 6 നാണ് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. രാവിലെ 10 മണി മുതലാണ് ഛോട്ടാ മുംബൈയുടെ ആദ്യ പ്രദർശനങ്ങൾ ആരംഭിക്കുന്നത്. നിരവധി ഫാൻസ്‌ ഷോകളാണ് സിനിമയുടെ റിലീസിന്റെ അന്ന് മോഹൻലാൽ ആരാധകർ പ്ലാൻ ചെയ്യുന്നത്. ചിത്രം രാവിലെ 7 മണി മുതൽ പ്രദർശനം ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 4 കെ റീമാസ്റ്റേർഡ് പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്.

മോഹൻലാലിന്റേതായി മുൻപ് പുറത്തിറങ്ങിയ മൂന്ന് റീ റിലീസുകൾക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്‌ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ എന്നീ സിനിമകളാണ് ഇതിന് മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ സിനിമകൾ. ഈ മൂന്ന് റീ റിലീസുകൾക്കും വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഭദ്രൻ ഒരുക്കിയ സ്‌ഫടികം പുത്തൻ സാങ്കേതിക മികവോടെ തിരിച്ചെത്തിയപ്പോൾ ആദ്യ ദിനം 77 ലക്ഷമായിരുന്നു നേടിയത്. ഏകദേശം 4 കോടിയോളമാണ് സിനിമ റീ റിലീസിൽ തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്. അത് പോലെ തന്നെ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിലെ ‘ഉദയനാണ് താര’വും റീ റിലീസിനൊരുങ്ങുകയാണ്. ചിത്രം ജൂണ്‍ 20-ന് റീ റിലീസ് ചെയ്യും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 20 വര്‍ഷത്തിനുശേഷം 4K ദൃശ്യ മികവോടെയാണ് തിയേറ്ററില്‍ എത്തുന്നത്.

ആദ്യത്തെ റിലീസിൽ ബോക്സ് ഓഫീസിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കാതെ പോകുകയും എന്നാൽ പിന്നീട് പ്രേക്ഷക പ്രിയങ്കരമാകുകയും ചെയ്ത സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. രണ്ടാം വരവിൽ ഗംഭീര അഭിപ്രായമാണ് സിനിമ നേടിയത്. മികച്ച വരവേൽപ്പ് ലഭിച്ച സിനിമ ആദ്യ ദിനം നേടിയത് 50 ലക്ഷമായിരുന്നു. 5.4 കോടിയാണ് ആഗോളതലത്തിൽ സിനിമയുടെ ഫൈനൽ കളക്ഷൻ. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് ചിത്രം പുറത്തിറങ്ങിയത്.

ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മണിച്ചിത്രത്താഴ് 2024 ആഗസ്റ്റ് 17 നാണ് റീ റിലീസ് ചെയ്തത്. ആദ്യ ദിനം 50 ലക്ഷം സ്വന്തമാക്കിയ സിനിമയുടെ ഫൈനൽ റീ റിലീസ് കളക്ഷൻ 4.71 കോടിയാണ്. ഈ കളക്ഷനുകളെയാണ് ഛോട്ടാ മുംബൈ മറികടക്കേണ്ടത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമ്പോൾ മികച്ച പ്രതികരണമാണ് ഛോട്ടാ മുംബൈക്ക് ലഭിക്കുന്നത്. തിരുവനന്തപുരം ഏരീസ് പ്ലെക്സിലും എറണാകുളം കവിതയിലുമൊക്കെ ആദ്യ ഷോകള്‍ക്ക് വന്‍ ബുക്കിം​ഗ് ആണ് ഇതിനകം തന്നെ ലഭിച്ചിരിക്കുന്നത്. അതേസമയം, റീ റിലീസില്‍ ചിത്രം നേടുന്ന ഓപ്പണിങ് എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.