
സംവിധായകൻ ലോകേഷ് കനകരാജ് കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം “ബെൻസിൽ” വില്ലൻ കഥാപാത്രം ചെയ്യുന്നത് നിവിൻ പൊളിയാണെന്ന അഭ്യൂഹങ്ങൾ പുറത്ത്. ചിത്രത്തിന്റെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങയോതെടെയാണ് ഇത്തരമൊരു ചർച്ച സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരാൾ പുറംതിരിഞ്ഞുനിൽക്കുന്ന ചിത്രവും പോസ്റ്ററിലുണ്ട്. തലമുടി നീട്ടി താടിയുള്ള ഒരാളാണിതെന്ന് പോസ്റ്ററിൽ വ്യക്തമാണ്. ഇത് മലയാളികളുടെ പ്രിയതാരം നിവിൻ പോളിയാണെന്നാണ് ഇപ്പോൾ വരുന്ന ചർച്ചകളിലുള്ളത്. ഞങ്ങളുടെ വില്ലനെ പരിചയപ്പെടുത്തുന്നു എന്നാണ് പോസ്റ്ററിലെ ആൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ എഴുതിയിരിക്കുന്നത്.
You are ‘N’ot Ready for this എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഭാഗ്യരാജ് കണ്ണൻ എഴുതിയത്. ഇതിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന എൻ എന്ന അക്ഷരം നിവിൻ പോളിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് കമന്റുകൾ വന്നിരിക്കുന്നത്. സമീപകാലത്ത് നിവിൻ പോളിയുടെ രൂപമാറ്റത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് ഈ ചിത്രത്തിനുവേണ്ടിയാണെന്നും കമന്റുകളുണ്ട്.
രാഘവാ ലോറൻസ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സായ് അഭയങ്കര്‍ ആണ് ബെന്‍സിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങ്ങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. അനല്‍ അരശ് ആണ് സംഘട്ടനസംവിധാനം.
പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 120 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമായിരിക്കും നടക്കുക.