
പ്രശാന്ത് നീൽ- ജൂനിയർ എൻ.ടി.ആർ കൂട്ടുകെട്ടിൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം “ഡ്രാഗൺ” സിനിമയുടെ അപ്ഡേറ്റുകൾ പുറത്ത്. ഡ്രാഗൺ എന്നായിരിക്കും സിനിമയുടെ ടൈറ്റിൽ എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ പേര് മാറ്റിയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. തെലുങ്ക് സിനിമയിലെ മറ്റൊരു നിർമ്മാതാവ് ഡ്രാഗൺ എന്ന പേര് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാരണത്താൽ ജൂനിയർ എൻടിആർ പുതിയൊരു പേര് പരിഗണിക്കാൻ നിർമ്മാതാക്കളോട് അഭ്യർത്ഥിക്കുകയായിരുന്നു.
അതേസമയം 2026 ജൂൺ 25 ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രം ഒരു പാൻ ഇന്ത്യൻ റിലീസായിട്ടാകും പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. എൻടിആറും പ്രശാന്ത് നീലും സൃഷ്ടിക്കാൻ പോകുന്ന മാജിക്കിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എൻടിആറിന്റെ കടുത്ത ആരാധകർക്ക് ഈ പ്രഖ്യാപനം ആവേശകരമായ വാർത്തയാണ്. ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, മറ്റ് ഭാഷകളിൽ റിലീസ് ചെയ്യും.
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് പേരുകേട്ട പ്രശാന്ത് നീലിന്റെ ഈ സിനിമയും ഹിറ്റായിരിക്കുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. പ്രശസ്ത നിർമ്മാണ കമ്പനികളായ മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് ബാനറിൽ കല്യാണ് റാം നന്ദമുരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ ഗൗഡ ഛായാഗ്രഹണം കൈകാര്യം ചെയ്യും, സെൻസേഷണൽ രവി ബസ്രൂർ സംഗീതം നൽകും. നിർമ്മാണ രൂപകൽപ്പന ചലപതി കൈകാര്യം ചെയ്യും.
കെജിഎഫ് സീരീസ്, സലാർ തുടങ്ങിയ സെൻസേഷണൽ ബ്ലോക്ക്ബസ്റ്ററുകൾ നൽകിയ സംവിധായകനാണ് പ്രശാന്ത് നീൽ. അത് പോലെ തന്നെ വാർ 2 വാണ് ജൂനിയർ എൻ.ടി.ആറിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം. ഹൃതിക്ക് റോഷൻ നായകനായെത്തുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമാണ് ജൂനിയർ എൻ.ടി.ആർ അവതരിപ്പിക്കുന്നത്.