
ഉണ്ണി മുകുന്ദനെതിരേ പ്രചാരണം നടത്തിയെന്ന പേരിൽ വിപിൻ തന്നോട് ഒരുതരത്തിലുമുള്ള കുറ്റസമ്മതവും നടത്തിയിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് ഇരുവരുടെയും പൊതുസുഹൃത്തും ‘മേപ്പടിയാൻ’ സിനിമയുടെ സംവിധായകനുമായ വിഷ്ണു മോഹൻ.
നേരത്തേ, തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് വിപിൻ പൊതുസുഹൃത്തായ വിഷ്ണു മോഹനോട് കുറ്റസമ്മതം നടത്തിയെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിപിനെ മർദിച്ചിട്ടില്ലെന്നും കണ്ണട പൊട്ടിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഉണ്ണി മുകുന്ദന്റെ വാദം. അതേസമയം, സംഭവമുണ്ടായ വിപിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷ്ണു മോഹന്റെ പ്രതികരണം.
ഉണ്ണിയും വിപിനും രണ്ട് പേരും എനിക്ക് വേണ്ടപ്പെട്ടവരാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞു തീർക്കണമെന്ന് തന്നെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ഇത്രയേറെ പ്രശ്നത്തിലേക്ക് ഇതെല്ലാം പോകുമെന്ന് ഞാൻ കരുതിയില്ല. ഉണ്ണി മറ്റൊരു മാധ്യമത്തോട് പറഞ്ഞതു പോലെ വിപിൻ എന്നോട് കുറ്റസമ്മതമൊന്നും നടത്തിയിട്ടില്ല. എന്നോട് കുറ്റസമ്മതം നടത്തേണ്ട ആവശ്യമെന്താണ്. അക്കാര്യം ഞാൻ ഉണ്ണിയെ വിളിച്ച് ചോദിക്കാനിരിക്കുകയാണ്.
ഇത് ഇന്നലെ ഒരു ദിവസം ഉണ്ടായ പ്രശ്നം അല്ലല്ലോ. പല ദിവസങ്ങളിലുണ്ടായ വിഷയങ്ങൾ വലുതായതല്ലേ. വിപിനെ മർദിച്ചു എന്ന് പറയുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന വിഷ്ണു ഞാനല്ല. അത് ഉണ്ണിയുടെ മറ്റൊരു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനാണ്. അദ്ദേഹം കാക്കനാടുള്ള ആ ഫ്ലാറ്റിലാണ് താമസിക്കുന്നത്. അന്നത്തെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഈ കാര്യത്തെക്കുറിച്ച് കൂടുതൽ പറയാൻ എനിക്ക് സാധിക്കില്ല. കാരണം ഞാനവിടെ ഉണ്ടായിരുന്നില്ല.
വിപിനോട് ഞാൻ സംസാരിച്ചിരുന്നു, ബ്രോ നിങ്ങൾക്കല്ലല്ലോ വേദനിച്ചത് എനിക്കല്ലേ എന്നായിരുന്നു വിപിന്റെ പ്രതികരണം. വിപിനോട് മോശമായി ഉണ്ണി സംസാരിച്ചുവെന്നും പറയുന്നു. അത് വിപിന്റെ വേർഷൻ. അതുപോലെ ഉണ്ണിക്കും പറയാൻ ഉണ്ടാകും. അതിൽ എനിക്കൊന്നും പ്രതികരണം നടത്താനാകില്ല. ഉണ്ണിയുടെ കരിയറിലെ ഒരു രണ്ടാം ഘട്ടത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചയാളാണ് വിപിൻ. ആ വസ്തുത തള്ളിക്കളയാനുമാവില്ല. വിഷ്ണു പറഞ്ഞു. വിഷ്ണു മോഹൻ പറഞ്ഞു.
മാനേജരെ തല്ലിയെന്ന ആരോപണത്തില്‍ നടൻ ഉണ്ണി മുകുന്ദനെതിരെ കൊച്ചി ഇൻഫോ പാർക്ക് പോലീസ് കേസെടുത്തിരുന്നു. നിരവധി താരങ്ങളാണ് ഉണ്ണിമുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പരാതിയിൽ പറയുന്നത് മുഴുവൻ സത്യമല്ലെന്ന് പറഞ്ഞ് നടൻ ഉണ്ണിമുകുന്ദനും രംഗത്തെത്തിയിരുന്നു. താൻ കണ്ണട ഊരിമാറ്റി പൊട്ടിച്ചു എന്നത് സത്യമാണ് എന്നാൽ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല എന്നും, വിപിൻ ഇപ്പോൾ സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനുളള തത്രപ്പാടിലാണെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. കൂടാതെ നരിവേട്ടക്കെതിരെ താൻ പറഞ്ഞുവെന്നത് തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയാണ്. ടൊവിനോയോട് സംസാരിച്ചെന്നും അദ്ദേഹത്തിന് കാര്യങ്ങളെല്ലാം മനസിലായിട്ടുണ്ടെ’ന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ഉണ്ണിമുകുന്ദൻ മർദ്ദിച്ചെന്ന് പറഞ്ഞ് ഇന്നലെ രാത്രിയാണ് ഉണ്ണിമുകുന്ദന്റെ മാനേജർ വിപിൻ കുമാർ കൊച്ചി ഇൻഫോ പാർക്ക് പോലീസിൽ പരാതി നൽകിയിരുന്നത്. താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും വിളിച്ചിറക്കി തന്നെ അസഭ്യം പറയുകയും കരണത്തടിക്കുകയും ചെയ്‌തെന്നും, മറ്റൊരു താരം സമ്മാനമായി തന്ന കണ്ണട ചവിട്ടിപ്പൊട്ടിച്ച് കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നും വിപിൻ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ടൊവിനോ തോമസ് നായകനായ നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാണ് മർദ്ദിച്ചതെന്നായിരുന്നു വിപ്പിന്റെ വെളിപ്പെടുത്തൽ. മാർകോയ്ക്കുശേഷം ഉണ്ണിമുകുന്ദന്റെ ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദന്. അതു പലരോടും തീർക്കുകയാണെന്നും വിപിൻ കുമാർ ആരോപിച്ചു.
‘‘ഉണ്ണി മുകുന്ദനു പലതരം ഫ്രസ്ട്രേഷനുണ്ട്. സംവിധാനം ചെയ്യാനിരുന്ന പടത്തിൽനിന്ന് ഗോകുലം മൂവീസ് പിന്‍മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷൻ തീർക്കുന്നത്. ആറു വർഷമായി ഉണ്ണിയുടെ മാനേജരാണ്. 18 വർഷമായി ഞാനൊരു സിനിമ പ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്കു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്കു പരാതി നൽകിയിട്ടുണ്ട്. ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും. സിനിമാ സംഘടനകളായ ഫെഫ്‌കയ്ക്കും അമ്മയ്ക്കും പരാതി നൽകിയിട്ടുണ്ട്’’ – വിപിൻ പറഞ്ഞു.