കള്ളങ്ങളില്ലാത്ത, ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത മനുഷ്യൻ; ഉണ്ണിമുകുന്ദനെ പിന്തുണച്ച് ഒമർ ലുലു

','

' ); } ?>

ഉണ്ണിമുകുന്ദനെതിരെയുള്ള ആരോപണത്തിൽ ഉണ്ണിമുകുന്ദനെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു. താന്‍ കണ്ട സിനിമാക്കാരില്‍ കള്ളങ്ങളില്ലാത്ത, ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത, മുഖത്തുനോക്കി കാര്യം പറയുന്ന മനുഷ്യനാണ് ഉണ്ണി മുകുന്ദന്‍ എന്ന് ഒമര്‍ ലുലു അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിപ്പ് പങ്ക് വെച്ച് കൊണ്ടാണ് ഒമർ ലുലു തന്റെ പ്രസ്താവന വ്യക്തമാക്കിയത്.

‘എനിക്ക് ഉണ്ണിമുകുന്ദന്‍ എന്ന നടനേക്കാളും വ്യക്തിയെയാണ് കൂടുതല്‍ ഇഷ്ടം. ഞാന്‍ കണ്ട സിനിമാക്കാരില്‍ വലിയ കള്ളത്തരമൊന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത, മുഖത്ത് നോക്കി കാര്യം പറയുന്ന, കളങ്കമില്ലാത്ത ഒരു മനുഷ്യന്‍. ഒരു വിജയം വന്നാല്‍ സ്വന്തം അപ്പനോട് പോലും ‘കോന്‍ ഏ തൂ’ എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാല്‍ പോലും എല്ലാം മറക്കുന്ന സിനിമാക്കാരില്‍, വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യന്‍. അയാള്‍ വിജയിച്ചിരിക്കും’, എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പരാതിയിൽ പറയുന്നത് മുഴുവൻ സത്യമല്ലെന്ന് പറഞ്ഞ് നടൻ ഉണ്ണിമുകുന്ദനും രംഗത്തെത്തിയിരുന്നു. താൻ കണ്ണട ഊരിമാറ്റി പൊട്ടിച്ചു എന്നത് സത്യമാണ് എന്നാൽ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല എന്നും, വിപിൻ ഇപ്പോൾ സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനുളള തത്രപ്പാടിലാണെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. കൂടാതെ നരിവേട്ടക്കെതിരെ താൻ പറഞ്ഞുവെന്നത് തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പ​ഗാണ്ടയാണ്. ടൊവിനോയോട് സംസാരിച്ചെന്നും അദ്ദേഹത്തിന് കാര്യങ്ങളെല്ലാം മനസിലായിട്ടുണ്ടെ’ന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ഉണ്ണിമുകുന്ദൻ മർദ്ദിച്ചെന്ന് പറഞ്ഞ് ഇന്നലെ രാത്രിയാണ് ഉണ്ണിമുകുന്ദന്റെ മാനേജർ വിപിൻ കുമാർ കൊച്ചി ഇൻഫോ പാർക്ക് പോലീസിൽ പരാതി നൽകിയിരുന്നത്. താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും വിളിച്ചിറക്കി തന്നെ അസഭ്യം പറയുകയും കരണത്തടിക്കുകയും ചെയ്‌തെന്നും, മറ്റൊരു താരം സമ്മാനമായി തന്ന കണ്ണട ചവിട്ടിപ്പൊട്ടിച്ച് കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നും വിപിൻ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ടൊവിനോ തോമസ് നായകനായ നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാണ് മർദ്ദിച്ചതെന്നായിരുന്നു വിപ്പിന്റെ വെളിപ്പെടുത്തൽ. മാർകോയ്ക്കുശേഷം ഉണ്ണിമുകുന്ദന്റെ ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദന്. അതു പലരോടും തീർക്കുകയാണെന്നും വിപിൻ കുമാർ ആരോപിച്ചു.

‘‘ഉണ്ണി മുകുന്ദനു പലതരം ഫ്രസ്ട്രേഷനുണ്ട്. സംവിധാനം ചെയ്യാനിരുന്ന പടത്തിൽനിന്ന് ഗോകുലം മൂവീസ് പിന്‍മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷൻ തീർക്കുന്നത്. ആറു വർഷമായി ഉണ്ണിയുടെ മാനേജരാണ്. 18 വർഷമായി ഞാനൊരു സിനിമ പ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്കു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്കു പരാതി നൽകിയിട്ടുണ്ട്. ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും. സിനിമാ സംഘടനകളായ ഫെഫ്‌കയ്ക്കും അമ്മയ്ക്കും പരാതി നൽകിയിട്ടുണ്ട്’’ – വിപിൻ പറഞ്ഞു.