
രാജസ്ഥാനിലെ ജയ്സാൽമീറിൽ ചിത്രീകരണം നടക്കുന്ന മലയാള ചിത്രമായ ഹാഫ് ന്റെ ഷൂട്ടിംഗ് പാക്ക് ഷെല്ലാക്രമണ ഭീഷണിയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു. ഇന്ത്യൻ സേനയുടെ താവളത്തെ ലക്ഷ്യമിട്ടായിരുന്നു പാക് ഷെല്ലാക്രമണം നടന്നത്, എന്നാൽ അതിന്റെ പ്രതിഫലനം മറ്റ് ഭാഗങ്ങളിലും ഉണ്ടാവുകയായിരുന്നു. സ്ഥിതിഗതികൾ ശാന്തമാകുന്ന സാഹചര്യത്തിൽ വീണ്ടും ഷൂട്ടിംഗ് പുനരാരംഭിക്കുമെന്ന് നിർമ്മാതാവ് ആൻ സജീവ് അറിയിച്ചു.
‘ഗോളം’ എന്ന വിജയിച്ച ചിത്രത്തിന്റെ സംവിധായകനായ സംജാദാണ് ഈ പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നായകനായി രഞ്ജിത്ത് സജീവും, നായികയായ് ‘ഓഫിസർ ഓൺ ഡ്യൂട്ടി’യിൽ ശ്രദ്ധ നേടിയ ഐശ്വര്യ രാജുമാണ് അഭിനയിക്കുന്നത്. ഹാഫ് എന്നത് മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്‌ഷൻ ചിത്രമാണ്. ഏപ്രിൽ 28നാണ് ചിത്രീകരണം ആരംഭിച്ചത്, ഏകദേശം നൂറ്റിഇരുപത് ദിവസത്തോളം നീണ്ടുനിൽക്കേണ്ടതായിരുന്നു ഷെഡ്യൂൾ. യൂറോപ്പ്, കേരളം എന്നിവയാണ് മറ്റു ലൊക്കേഷനുകൾ. വലിയ ബജറ്റിൽ ഒരുക്കുന്ന ഈ ചിത്രം മലയാള സിനിമയിൽ നൂതന പരീക്ഷണമായിരിക്കും.