
നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയും ചേർന്ന് അവതരിപ്പിച്ച ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പ്രശസ്ത തമിഴ് പാട്ടായ ‘അലൈപായുതേ കണ്ണാ’യെ ആസ്പദമാക്കി ഇരുവരും ചേർന്ന് കറുത്ത വസ്ത്രം ധരിച്ച് നടത്തിയ നൃത്തപ്രകടനമാണ് വൈറലായിരിക്കുന്നത്.
‘രണ്ട് ആത്മാക്കൾ, ഒരു താളം. വേദിക്ക് പിന്നിലെ കൊടുങ്കാറ്റുകൾ നിന്നു വേദിയിലെ നിലയ്ക്കാത്ത ചുവടുകളിലേക്ക്. ഇവിടെ നിശബ്ദത പൊട്ടിപ്പുറപ്പെടുകയും കോപം ആളിക്കത്തുകയും ചെയ്യുന്നു…’ എന്ന കുറിപ്പോടെയാണ് ഇരുവരും ഈ വിഡിയോ തങ്ങളുടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘30 സെക്കന്റിന്റെ വിസ്മയം’ എന്ന് പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. സിനിമാതാരങ്ങളായ പാർവതി തിരുവോത്ത്, നൈല ഉഷ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ നൃത്തത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായിക അഞ്ജലി മേനോൻ ഇത് ‘അതിമനോഹരം’ എന്നു വിശേഷിപ്പിച്ചു.
അഞ്ജലി മേനോന്റെ ‘ബാക്ക് സ്റ്റേജ്’ എന്ന ചിത്രത്തിൽ റിമ കല്ലിങ്കലും പത്മപ്രിയയും ഒന്നിച്ചെത്തിയിരുന്നു. കേരളത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ ഇരുവരും നർത്തകിമാരായാണ് എത്തിയിരുന്നത്. സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ‘ബാക്ക് സ്റ്റേജ്’ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഡാൻസ് വിഡിയോയിലൂടെ ഇരുവരും വീണ്ടും ഒരുമിച്ചെത്തിയിരിക്കുന്നത്.