
72-ാമത് മിസ് വേൾഡ് ഫെസ്റ്റിവലിൽ കൊവിഡ്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നടൻ സോനു സൂദിന് ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകും. മെയ് 31 ന് ഹൈദരാബാദിലെ ഹൈടെക്സ് അരീനയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം കൈമാറുക.
ലോക മഹാമാരിക്കാലത്ത് സോനു സൂദിന്റെ സേവനം നിരവധി ആളുകൾക്ക് പ്രചോദനമായി മാറിയതായി മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർപേഴ്സൺ ജൂലിയ മോർലി പറഞ്ഞു. ഈ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നത്തിൽ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, മിസ് വേൾഡ് ഫൈനലിൽ വിധികർത്താക്കളിൽ ഒരാൾ സോനു സൂദ് ആയിരിക്കും.
ലോക്ക്ഡൗൺ സമയത്ത് കുടുങ്ങിക്കിടന്ന തൊഴിലാളികൾക്ക് യാത്രാസൗകര്യം ഒരുക്കുക, മെഡിക്കൽ സഹായം നൽകുക, സൗജന്യ വിദ്യാഭ്യാസവും തൊഴിൽ പരിശീലന പദ്ധതികളും ആരംഭിക്കുക തുടങ്ങിയവയിലൂടെ ഇന്ത്യയിലെ ആയിരക്കണക്കിന് ആളുകളെയാണ് അദ്ദേഹം സഹായിച്ചത്. ഈ പ്രവർത്തനങ്ങൾ ‘സൂദ് ചാരിറ്റി ഫൗണ്ടേഷൻ’ വഴിയായിരുന്നു നടന്നു വന്നത്.
“ഈ പുരസ്കാരം സൂദ് ചാരിറ്റി ഫൗണ്ടേഷനിലെ ഓരോ സന്നദ്ധ പ്രവർത്തകനുമായി ഞാൻ പങ്കിടുന്നു,” എന്നാണ് ഇതിന്റെ ഭാഗമായി സോനു സൂദ് പ്രതികരിച്ചത്.
1999ൽ തമിഴ് സിനിമകളായ കല്ലഴഗർ, നെഞ്ചിനിലേ എന്നിവയിലൂടെയാണ് സോനു സൂദ് സിനിമാരംഗത്തേക്ക് കടന്നത്. 2005ൽ പുറത്തിറങ്ങിയ സൂപ്പർ എന്ന ചിത്രത്തിലൂടെ ടോളിവുഡിൽ വലിയ ശ്രദ്ധ സോനു സൂദിന് നേടാൻ കഴിഞ്ഞു. ഏറ്റവും ഒടുവിൽ ജാക്വലിൻ ഫെർണാണ്ടസ് നായികയായ ഫതേഹ് എന്ന ആക്ഷൻ-ത്രില്ലറിലാണു അഭിനയിച്ചത്.