
ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി നിയമപോരാട്ടങ്ങൾക്കൊടുവിൽ തിയേറ്ററുകളിലേക്ക്. ആഭ്യന്തര കുറ്റവാളി ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.
മാസങ്ങളുടെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്കെത്താൻ പോകുന്നത്. തന്റെ ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയിൽ പോയ ആരുടേയും കൈയിൽ നിന്ന് ആഭ്യന്തര കുറ്റവാളി ചിത്രം നിർമ്മിക്കാൻ ഒരു തുകയും മേടിച്ചിട്ടില്ല എന്ന് നിർമ്മാതാവ് നൈസാം സലാം നേരത്തെ വ്യക്തമാക്കിയിരുന്നു. നീതിക്കായി പോരാടാനുറച്ച നൈസാം സലാം സുപ്രീം കോടതിയിൽ പോയാണ് ആഭ്യന്തര കുറ്റവാളിയുടെ റിലീസിലേക്ക് ആസ്പദമായ ഉത്തരവ് നേടിയത്.സുപ്രീം കോടതിയിൽ ആഭ്യന്തര കുറ്റവാളി നിർമ്മാതാവ് നൈസാം സലാമിന് വേണ്ടി അഡ്വ :ഉമാ ദേവി ,അഡ്വ : സുകേഷ് റോയ് ,അഡ്വ :മീര മേനോൻ എന്നിവർ ഹാജരായി.
ഏപ്രിൽ 17ന് തീയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം, കോടതിയിൽ സമർപ്പിക്കപ്പെട്ട പരാതിയെ തുടർന്ന് റിലീസ് അനിശ്ചിതമായി മാറ്റിയിരിക്കുകയായിരുന്നു. സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്നാരോപിച്ച് പി.കെ. അനീഷ് എന്നയാൾ എറണാകുളം ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.നിർമാതാവായ നൈസാം സലീം കോടതിയെ സമീപിച്ചതിന് പിന്നാലെ സ്റ്റേ കോടതി പിൻവലിച്ചു. അതേ സമയം, ചിത്രത്തിലെ ഗാനം, ട്രെയിലർ എന്നിവ ഔദ്യോഗികമായി പുറത്തുവന്നെങ്കിലും, വീണ്ടും റിലീസ് നീട്ടിവെക്കപ്പെടുകയായിരുന്നു.
പിന്നാലെ റിലീസ് വൈകുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കി പിആർഒ പ്രതീഷ് ശേഖർ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു , റിലീസ് തടയാൻ ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതായും, ആ ആരോപണങ്ങൾ വ്യാജമാണെന്നും അന്ന് പ്രതീഷ് വ്യക്തമാക്കിയിരുന്നു. “നൈസാം സലീം സിനിമയുടെ നിർമാണത്തിന് വേണ്ടി ആ വ്യക്തിയിൽ നിന്ന് ഒരു പൈസയും കൈപ്പറ്റിയിട്ടില്ല. ‘കൃത്യമായ ധാരണപത്രം ഒപ്പിട്ടതിന് ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. അതിലുപരി, ഈ കേസിൽ ഉൾപ്പെട്ട വ്യക്തിയിൽ നിന്ന് ഒരു ചായ പോലും വാങ്ങിയിട്ടില്ല’, പരാതിക്കാരൻ പണം വാങ്ങിക്കൊണ്ടുള്ള സെറ്റിൽമെന്റിന് ശ്രമിച്ചുവെങ്കിലും, നിർമ്മാതാവ് അതിന് തയ്യാറല്ലെന്നും, “ചെയ്യാത്ത തെറ്റിന്റെ പേരിൽ താൻ ‘ആഭ്യന്തര കുറ്റവാളി’ ആകില്ല” എന്നതാണ് നൈസാം സലീമിന്റെ നിലപാട്. “സത്യത്തിന്റെ ജയം ഉറപ്പാണ്. സുപ്രീം കോടതിയിലും അദ്ദേഹം സത്യം തെളിയിക്കാൻ തയ്യാറാണ്. ഞാനും, സിനിമയുടെ മുഴുവൻ ടീമും അദ്ദേഹത്തോടൊപ്പം നിൽക്കുന്നുണ്ട് എന്നായിരുന്നു പ്രതീഷിന്റെ നിലപാട്.
കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈയ്നർ ജോണറിൽ ഒരുങ്ങുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സേതുനാഥ് പത്മകുമാർ ആണ്. ഇന്ത്യയിലെ തിയേറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാർസ് ഫിലിംസും ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ്.