
ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ രംഗത്ത്. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന പരാമർശത്തിനെതിരെയാണ് ബി.ഉണ്ണികൃഷ്ണൻ ഫിലിം ചേമ്പറിൽ പരാതി നൽകിയത്. സജി നന്ത്യാട്ടിനെ നിയന്ത്രിക്കണം എന്നാണ് ബി.ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടത് .
എന്നാൽ ഉണ്ണികൃഷ്ണന് തന്നോട് വ്യക്തിവൈരാഗ്യമാണെന്നും ഫെഫ്കയെ അപമാനിക്കുന്ന ഒരു പരാമർശവും നടത്തിയിട്ടില്ല എന്നും സജി നന്ത്യാട്ട് പറഞ്ഞു. ഇന്ന് നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുമെന്നും സജി നന്ത്യാട്ട് ട്വന്റിഫോറിനോട് പറഞ്ഞു. 1989ലെ സിഎംഎസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് മുതൽ ഉണ്ണികൃഷ്ണന് തന്നോട് എതിർപ്പ് ഉണ്ടെന്നാണ് സജി നന്ത്യാട്ട് പറയുന്നത് .
തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ട്. ഫിലിം ചേംബറിനെ തകർക്കാനാണ് ബി ഉണ്ണികൃഷ്ണന്റെ ശ്രമിക്കുന്നത് .വിൻസി അലോഷ്യസ് വിഷയവും തനിക്കെതിരെ തിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഒടുവിൽ സത്യം പുറത്തു വന്നുവെന്നും സജി നന്ത്യാട്ട് പറഞ്ഞു. നിലവിലെ പരാതിയിൽ കഴമ്പില്ല. ടെക്നീഷ്യന്മാർ എല്ലാം ലഹരിക്ക് അടിമയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ബി ഉണ്ണികൃഷ്ണൻ തെളിവ് പുറത്തുവിടട്ടെയെന്നും ഇല്ലാത്ത പരാമർശത്തിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.
സജി നന്ത്യാട്ടിനെ നിയന്ത്രിക്കുകയും തിരുത്തുകയും വേണമെന്നായിരുന്നു ഫെഫ്ക ജനറൽസെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ നേരത്തെ പറഞ്ഞത്. മാധ്യമങ്ങളിൽ തന്നെയും ഫെഫ്കയെയും ലക്ഷ്യമിട്ട് സജി ആരോപണം ഉന്നയിക്കുന്നുവെന്നും ഫെഫ്കയുടെ സാങ്കേതിക പ്രവർത്തകരിൽ പലരും ലഹരിക്കടിമയാണെന്ന് സജി ആരോപിച്ചതായും ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബിന് അയച്ച കത്തിൽ ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. നേരത്തെ വിൻസിയുടെ പരാതിയിൽ സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റിയുടെ തെളിവെടുപ്പിനിടെ ഷൈൻ ടോം ചാക്കോയെയും സിനിമയുടെ നിർമാതാവിനെയും വിളിച്ചുവരുത്തിയ ഫെഫ്കയുടെ നടപടിക്കെതിരെ സജി നന്ത്യാട്ട് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.