
റാപ്പർ വേടനെതിരെയുള്ള കഞ്ചാവ് കേസ് അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിച്ചു. വേടന്റെ മാനേജർക്ക് കഞ്ചാവ് നൽകിയത് ഒരു സിനിമാ നടന്റെ സഹായിയാണെന്നാണ് പുതിയ വിവരം. പോലീസും എക്സൈസും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.
ഇന്നലെയാണ് വേടന്റെ തൃപ്പൂണിത്തുറയിലുള്ള ഫ്ലാറ്റിൽ നിന്നും തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ നിന്നല്ല പിടികൂടിയതെന്നും ഹിൽപാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞിരുന്നു . ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഇവരുടെ വൈദ്യപരിശോധനയടക്കം നടത്തും. ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണെന്നും സംഘാംഗങ്ങള്‍ക്ക് നൽകാനുള്ളതാണെന്നുമാണ് വേടൻ പറഞ്ഞതെന്നും എന്നാൽ, ഇത്രയധികം പണം കണ്ടെത്തിയത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന ഫ്ലാറ്റാണിത്.
കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ ഇടുക്കിയിലെ സംസ്ഥാന സർക്കാരിൻറെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി. ആരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും റാപ്പര്‍ വേടന് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധ നേടിയിരുന്നു. സിന്തറ്റിക് ഡ്രഗ്സുകള്‍ നമ്മുടെ തലമുറയുടെ തലച്ചോറിനെ കാര്‍ന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറയുന്നതെന്നും വേടന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദയവ് ചെയ്ത് ആരും ലഹരിക്ക് അടിമപ്പെടരുതെന്നും വേടന് പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയതും വിവാദമായിരുന്നു.
സിനിമാമേഖലയിൽ നിന്ന് ഇന്നലെ കഞ്ചാവ് ഉപയോഗിച്ച കേസിൽ ശ്രീനാഥ് ഭാസിയെയും ഷൈൻടോം ചാക്കോയേയും ആലപ്പുഴ എക്സൈസ് ചോദ്യം ചെയ്തിരുന്നു.