ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരവ്: അർജിത്ത് സിംഗിന്റെയും അനിരുദ്ധിന്റേയും പരിപാടികൾ മാറ്റിവെച്ചു

','

' ); } ?>

പ്രശസ്ത പിന്നണി ഗായകൻ അര്‍ജിത് സിങ് ഏപ്രിൽ 27 ഞായറാഴ്ച ചെന്നൈയിൽ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി.ജമ്മു കശ്മീരിലെ പഹൽഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടർന്നാണ് തീരുമാനം. തീരുമാനം ഭീകരാക്രമണത്തില്‍ മരിച്ചവരോടും അവരുടെ കുടുംബങ്ങളോടുമുള്ള ആദരാവാണെന്ന് സംഘാടകർ അറിയിച്ചു. എല്ലാ ടിക്കറ്റ് ഉടമകൾക്കും മുഴുവൻ തുകയും തിരിച്ച് നല്‍കുമെന്നും സംഘാടകർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

അനിരുദ്ധ് രവിചന്ദറിന്റെ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ഹുക്കും മ്യൂസിക്ക് ഷോയുടെ ടിക്കറ്റ് വിൽപനയും മാറ്റിവച്ചിട്ടുണ്ട്. ആദ്യം ഏപ്രിൽ 24 നാണ് ടിക്കറ്റ് വില്‍പന ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. നിലവിലെ ദേശീയ സാഹചര്യം പരിഗണിച്ച് ടിക്കറ്റ് വില്‍പന മാറ്റിവയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു.

സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് ഭീകരാക്രമണത്തില്‍ ജീവൻ നഷ്ടമായവർക്ക് അനുശോചനം അറിയിച്ചിട്ടുള്ളത്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ പലരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോസ്റ്റുകളില്‍ ടാഗ് ചെയ്തിട്ടുണ്ട്.

ഏപ്രിൽ 22നാണ് പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.

അതെ സമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനമറിയിച്ചുള്ള മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ സൈബര്‍ ആക്രമണം നടന്നിരുന്നു. എമ്പുരാൻ സിനിമയുടെ വിവാദവുമായി ബന്ധപ്പെടുത്തിയാണ് സൈബർ ആക്രമണം നടക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും വിമര്‍ശിച്ച് കമന്റുകളിടുന്നത്. ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമയെടുക്കൂ ലാലേട്ടാ’, ‘ഒരേ സമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ആണെന്ന് നിങ്ങള്‍ നേരത്തേ തെളിയിച്ചതാണ്. അതുകൊണ്ട് ഈ പോസ്റ്റിന് യാതൊരു വിശ്വാസ്യതയില്ല’, ‘പാകിസ്ഥാനില്‍ നിന്ന് പരിശീലനം കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന സയീദ് മസൂദ് മാരെ സൂക്ഷിക്കു’, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെവരുന്ന കമന്റുകൾ.

പൃഥ്വിരാജിനെ വിമർശിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ലെന്നും ആണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘‌പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. അത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ല. ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകൾക്ക് അതീതമാണ്. നിങ്ങൾ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവൻ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇരുട്ടിലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്. പരസ്പരം കൈവിടാതെ നമുക്ക് ഒരുമിച്ച് നിൽക്കാം’, മോഹൻലാൽ കുറിച്ചു.

സംഭവത്തിൽ പ്രതികരിച്ച് മമ്മൂട്ടിയും സുരേഷ്ഗോപിയുമടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ടായിരുന്നു. “ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീരുത്വപൂർണ്ണമായ ഭീകരാക്രമണത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുകയും തകർന്നുപോകുകയും ചെയ്യുന്നു. ഈ വിവേകശൂന്യമായ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളായ ഇരകളുടെ കുടുംബങ്ങൾക്ക് വേണ്ടി എന്റെ ഹൃദയം ദുഃഖിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒരു പൗരനെന്ന നിലയിൽ, ഈ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുകയും ജമ്മു കശ്മീരിലെ ജനങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ ഹീനകൃത്യത്തിന്റെ കുറ്റവാളികളെ നീതിയുടെ മുന്നിൽ കൊണ്ടുവരണം. മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ, ഈ നികത്താനാവാത്ത നഷ്ടം നേരിടാൻ കുടുംബങ്ങൾക്ക് ശക്തി ലഭിക്കട്ടെ”.എന്ന് സുരേഷ്‌ഗോപി ഫേസ്ബുക്കിൽ കുറിച്ചു. അക്രമണത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളും ശ്രദ്ധേയമാണ്. പഹൽഗാം ഭീകരാക്രമണത്തിൽ ഹൃദയം തകർന്നു. ഇത്രയും വലിയ ദുരന്തത്തിന് മുന്നിൽ വാക്കുകൾക്ക് അപ്പുറമാണ്. ദുരിതബാധിത കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്, ദുഃഖത്തിലും ഐക്യദാർഢ്യത്തിലും ഐക്യപ്പെട്ടിരിക്കുന്നു. നമുക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ഉറപ്പാക്കാൻ നമ്മുടെ സായുധ സേനയിൽ ഞങ്ങൾ പൂർണ്ണ വിശ്വാസമർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല.