പ്രതികരിക്കേണ്ട ആരോപണങ്ങളിൽ മാത്രം പ്രതികരിച്ചാൽ മതി: നസ്ലിൻ

','

' ); } ?>

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പ്രചരിക്കുന്ന പരാമർശങ്ങൾക്ക് മറുപടി നൽകി യുവ നടൻ നസ്ലിൻ. പ്രതികരിക്കേണ്ട ആരോപണങ്ങളിൽ മാത്രം പ്രതികരിച്ചാൽ മതിയെന്നും തന്റെ പ്രതികരണമാണ് ആ വീഡിയോയിൽ ഉള്ളതെന്നും പറയുകയാണ് നസ്‌‌ലെൻ. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരെ. വെറുതെ അനാവശ്യമായി നമ്മൾ പ്രതികരിക്കേണ്ട. എന്റെ പ്രതികരണം ആണ് വീഡിയോയിൽ കണ്ടതാണ്. എനിക്ക് അതേ പറയാനുള്ളൂ. ഞാൻ അവിടെ കൃത്യമായി പ്രതികരിച്ചെന്നാണ് എനിക്ക് തോന്നുന്നത് അത് കഴിഞ്ഞിട്ട് പിന്നെ വിശദീകരണം നൽകണം എന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വന്ന് ഞാൻ പറയാതിരുന്നത്,’ നസ്‌‌ലെൻ പറഞ്ഞു.

ഖാലിദ് റഹ്‌മാന്റെ അവതരണത്തിൽ നസ്‌‌ലെൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ആലപ്പുഴ ജിംഖാന തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിൽ തോളിൽ കയ്യിട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകനോട് നടൻ തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു. ആരാധകരുടെ ഇടയിലൂടെ ഇറങ്ങി വരുന്ന നസ്‌‌ലെന്‍റെ ചിത്രമെടുക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നതും ഇതിനിടയിൽ ഒരാൾ നസ്‌‌ലെന്‍റെ തോളില്‍ കയ്യിട്ട് ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോ. ‘ടാ വിടടാ വിടടാ’ എന്നും പറഞ്ഞ് നടൻ ആ കൈ തട്ടിമാറ്റി നടന്നു പോകുന്നതും കാണാം. താരത്തിന്റെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് നടന്റെ പ്രതികരണം.

അതേസമയം, ആലപ്പുഴ ജിംഖാനയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് പ്രേക്ഷക അഭിപ്രായങ്ങള്‍. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഇപ്പോൾ ചിത്രം 50 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. സിനിമ ആഗോളതലത്തിൽ 56 കോടി നേടിയതായി ആണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്നും 37 കോടി വാരിക്കൂട്ടിയ ചിത്രം 19 കോടി രൂപയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും നേടിയത്. ഇതോടെ ആസിഫ് അലി ചിത്രമായ രേഖാചിത്രത്തിന്റെ കളക്ഷനെ ജിംഖാന മറികടന്നെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നടൻ നിഷാന്ത് സാഗറിന്റെ മകൾ നന്ദ നിഷാന്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ആലപ്പുഴ ജിംഖാന. തല്ലുമാലയുടെ മികച്ച വിജയത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. പ്രേമലുവിന് ശേഷം നസ്ലെൻ നായകനായെത്തിയ സിനിമ നസ്ലെന്റെ കരിയറിലെ മറ്റൊരു സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. റിലീസിനുശേഷം ആദ്യ അഞ്ചുദിവസത്തിനുള്ളിൽ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ 18.08 കോടി രൂപചിത്രം നേടിയിരുന്നു. ഇതിൽ കേരളത്തിൽ നിന്ന് 15.26 കോടിയും, ബാക്കി ഇന്ത്യയിൽ നിന്ന് 2.82 കോടിയും നേടിയതായാണ് റിപ്പോർട്ടുകൾ; പറയുന്നത്. ആദ്യ ദിവസം കേരളത്തിൽ 2.62 കോടി രൂപ നേടിയ ചിത്രത്തിന്, വിഷു ദിനത്തിൽ 3.41 കോടി രൂപ എന്നതായിരുന്നു പിന്നീട് അറിയാൻ കഴിഞ്ഞത്.